കൊച്ചി: ‘കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്; ഹൃദയങ്ങളിലേക്കൊരു യാത്ര’ പ്രമേയത്തിൽ ജമാഅത്തെ ഇസ്ലാമി ആരംഭിക്കുന്ന കാമ്പയിൻ പ്രഖ്യാപിച്ചു. എറണാകുളം ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പ്രഖ്യാപനം നിർവഹിച്ചു. മതങ്ങളുടെ പേരിൽ നടക്കുന്ന കുഴപ്പങ്ങൾക്ക് പിന്നിൽ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദലിത് സഹോദരങ്ങൾ ചുെട്ടരിക്കപ്പെടുകയും ന്യൂനപക്ഷങ്ങൾ ശിക്ഷിക്കപ്പെടുകയും ചെയ്യുകയാണ്. 2019ലെ തെരഞ്ഞെടുപ്പിനുമുമ്പ് കലാപങ്ങൾ സൃഷ്ടിച്ച് ചേരിതിരിവുണ്ടാക്കി അത് വോട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജാതി-മത ഭേദമേന്യ ഇത് എല്ലാവരുടെയും വേദനയാണ്. വരും തലമുറയുടെ രക്ഷക്കായി, മതിൽക്കെട്ടുകൾ സൃഷ്ടിക്കുന്നവരെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കഴിയണം. വേർതിരിവുകളുമായി ആരുവന്നാലും സാധ്യമാകില്ലെന്ന് പറയാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനസ്സുകളെ പരസ്പരം ചേർത്തുെവച്ചുള്ള സാഹോദര്യമാണ് മതങ്ങൾ പഠിപ്പിച്ചത്. രാജ്യത്ത് നിർഭയമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. വിശ്വാസി അയൽവാസിക്ക് നൽകേണ്ടത് തീവ്രവാദമല്ല മറിച്ച് സ്നേഹമാണ്. ഒരുമിച്ചുനിന്ന് രാജ്യത്തിെൻറ വേദനകൾ ചർച്ച ചെയ്യുകയും പരിഹാരത്തിന് പ്രവർത്തിക്കുകയുമാണ് ഇന്നിെൻറ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സത്യദീപം’ എഡിറ്റർ ഫാ. പോൾ തേലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അപരെൻറ ഹൃദയത്തിലേക്കുള്ള യാത്ര ഇന്നിെൻറ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെടുന്നതിെൻറ വേദനയിൽനിന്ന് രാജ്യത്ത് നിലവിളി ഉയരുകയാണ്. പരിഗണിക്കപ്പെടാതെപോകുന്ന സമൂഹത്തിെൻറ നിലവിളിയാണത്. അതില്ലാതാക്കാൻ കഴിയണം. നല്ല വാക്കുകൾകൊണ്ട് മറ്റുള്ളവരുടെ മനസ്സിലേക്ക് പാലം പണിയണം. ഹൃദയങ്ങളിലേക്കുള്ള യാത്രയാണ് ഇവിടെ സ്വർഗം സൃഷ്ടിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് അധ്യക്ഷത വഹിച്ചു. വംശീയതയുടെയും ജാതീയതയുടെയും വേർതിരിവ് വർധിക്കുന്ന സാഹചര്യത്തിൽ മാനവികതയുടെ ഏകതയാണ് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ വിഷയം അവതരിപ്പിച്ചു. വനിത വിഭാഗം പ്രസിഡൻറ് എ. റഹ്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്.എം. സൈനുദ്ദീൻ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് അഫീദ അഹ്മദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗങ്ങളായ കെ.എ. യൂസുഫ് ഉമരി, അബ്ദുൽ ഹക്കീം നദ്വി, എറണാകുളം ജില്ല സെക്രട്ടറി കെ.കെ. സലീം എന്നിവർ സംസാരിച്ചു. മൗലവി ബശീർ മുഹ്യിദ്ദീൻ പ്രാർഥന നിർവഹിച്ചു. എറണാകുളം ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി സ്വാഗതവും പ്രോഗ്രാം കൺവീനർ താജുദ്ദീൻ നന്ദിയും പറഞ്ഞു.
‘കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്; ഹൃദയങ്ങളിലേക്കൊരു യാത്ര’ കാമ്പയിൽ ഉല്ഘാടനം ചെയ്തു
