കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയുടെ പ്രചരണത്തിലൂടെ നടന്ന ഹര്‍ത്താലിനെ തുടര്‍ന്ന്കേരള പോലിസും സര്‍ക്കാറും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാങ്ങളും കേരളത്തിന്റെ സാമുഹികാന്തരീക്ഷം കലുഷമാക്കുകയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. തീവ്രവാദ ബന്ധമാരോപിച്ച് പുകമറ സൃഷ്ടിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലൂടെ വരുന്ന പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സാങ്കേതിക വൈദഗ്ദ്യം പോലീസിന്റെ കൈവശമുണ്ടായിരിക്കെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്ത് കൊണ്ട് വരികയാണ് പോലിസ് ചെയ്യേണ്ടത്. അതില്‍ പോലിസ് പരാജയമാണ്. ആസിഫ സംഭവത്തോടനുബന്ധിച്ച് ദേശവ്യാപകമായുണ്ടായ പ്രതികരണങ്ങളെ വഴി തിരിച്ച് വിടാനുണ്ടായ ശ്രമത്തിന്റെ ഭാഗമാണോ ഹര്‍ത്താല്‍ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. തീവ്രവാദ, മത സ്പര്‍ധ ആരോപണങ്ങള്‍ നടത്തലല്ല അന്വേഷണത്തിലൂടെ നിജസ്ഥിതി പുറത്ത് കൊണ്ട് വരലാണ് സര്‍ക്കാറിന്റെയും പോലിസിന്റെയും ചുമതല. അത്തരം ശ്രമങ്ങള്‍ക്ക് മുതിരാതെ നൂറ് കണക്കിന് മുസ്ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തും നിരോധനാജ്ഞ പ്രഖ്യാപിച്ചും ഭീതി സൃഷ്ടിക്കുകയാണ് പോലിസ് ചെയ്യുന്നത്. തീവ്രവാദാരോപണത്തോടൊപ്പം മുസ്ലിം ചെറുപ്പക്കാര്‍ക്ക് നേരെയുള്ള നടപടി പോലിസിന്റെ സംഘ് പരിവാര്‍ ചായ്വാണ് വ്യക്തമാക്കുന്നത്. പോലിസിനെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അക്കാര്യം തുറന്നു പറയണം. അല്ലാതെ പോലിസിന്റെ നടപടിയെ സാധൂകരിക്കുന്ന പ്രസ്താവന നടത്തുകയല്ല വേണ്ടത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മൃദു ഹിന്ദുത്വ നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം.
ഹര്‍ത്താല്‍ പ്രതിഷേധത്തിന്റെ ജനാധിപത്യ രീതിയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലേ ഹര്‍ത്താല്‍ ആകാവൂ എന്നതും അല്ലാത്തവ തീവ്രവാദവുമാണെന്ന നിലപാട് ശരിയല്ല. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന അക്രമണങ്ങള്‍ അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എന്നാല്‍ പ്രചാരണത്തിലൂടെ എന്തോ സംഭവിച്ചു എന്ന മട്ടില്‍ ദുരൂഹത സൃഷ്ടിക്കുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. മലപ്പുറം ജില്ലയിലടക്കം റോഡുകള്‍ തടസപ്പെടുത്താനും പലേടങ്ങളിലും കടകളടപ്പിക്കാനും നേതൃത്വം നല്‍കിയത് സി പി എമ്മിന്റെയും മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും രാഷ്ട്രീയ സംഘടനകളുടെ പ്രവര്‍ത്തകരാണെന്ന് പോലീസ് റിപ്പോര്‍ട്ടുകള്‍ തന്നെ പറയുന്നു. തങ്ങളുടെ പിന്തുണയിലും കാര്‍മികത്വത്തിലും നടക്കാത്ത ഹര്‍ത്താലുകള്‍ തീവ്രവാദി മായി പ്രഖ്യാപിക്കുന്ന നിലപാട് സമുദായ പാര്‍ട്ടികള്‍ തിരുത്തണം. സ്വന്തം പാര്‍ട്ടിയിലെ നൂറ് കണക്കിനാളുകള്‍ അറസ്റ്റിലായിട്ടും തീവ്രവാദം ആരോപിക്കുന്നത് അപഹാസ്യമാണെന്നും ജമാഅത്തെ ഇസ്ലാമി അമീര്‍ ഓര്‍മിപ്പിച്ചു.
ഹര്‍ത്താല്‍: സാമൂഹികാന്തരീക്ഷം കലുഷമാക്കുന്നത് സര്‍ക്കാറും പോലിസും
