കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം സ്ത്രീ സമൂഹത്തോടുളള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കുറ്റപ്പെടുത്തി. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ മദ്യഷാപ്പുകള്‍ അനുവദിക്കില്ല എന്ന കോടതിവിധി അസാധുവാക്കിയ സുപ്രീംകോടതി വിധിയെ വളരെ സന്തോഷത്തോടെയാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചത്. മദ്യ വിപണനവും മദ്യ നിരോധനവും സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിധിയിലായിരിക്കെ, സുപ്രീം കോടതി വിധി നടപ്പാക്കുകയെന്ന പേരില്‍ അബ്കാരികളെയും ബാര്‍ മുതലാളിമാരെയും തൃപ്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമാണ് പൂട്ടിയ ബാറുകളെല്ലാം തുറക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും വനിതാ വിഭാഗം സംസ്ഥാന സമിതി പാസ്സാക്കിയ പ്രമേയത്തില്‍ പറഞ്ഞു.
മദ്യത്തിന്റെ ദുരന്തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാകേണ്ടി വരുന്നത് സ്ത്രീ സമൂഹമാണ്. മാത്രമല്ല, വരുമാനത്തിന്റെ മുഖ്യ പങ്കും മദ്യസേവക്ക് വിനിയോഗിക്കുന്നവരുടെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ആവശ്യമായ ഭക്ഷണവും സംരക്ഷണവും ലഭിക്കാതെ നിത്യ ദുരിതത്തിലും പട്ടിണിയിലും കഴിയുമ്പോള്‍ മദ്യ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം മാത്രം സര്‍ക്കാറിന്റെ ബാധ്യതയായി കാണുന്നതിന്റെ ന്യായമെന്താണ്?. പുതു തലമുറയില്‍ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം വര്‍ധിച്ചു വരുന്നു. അതിനെ മറികടക്കാനും സമൂഹത്തിലെ യുവ ശക്തിയെ ഫലപ്രദമായി വിനിയോഗിക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. മദ്യവര്‍ജ്ജനമല്ല, മദ്യ നിരോധനം തന്നെയാണ് സര്‍ക്കാര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കേണ്ടത്. അത്യന്തം സ്ത്രീ വിരുദ്ധവും വികസന വിരുദ്ധവും അനീതിയിലധിഷ്ഠിതവുമായ ഈ നിലപാട് തിരുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വനിത വിഭാഗം സംസ്ഥാന പ്രസിഡന്റ് എ. റഹ്മത്തുന്നിസ അധ്യക്ഷത വഹിച്ചു. അസൂറ അലി പ്രമേയമവതരിപ്പിച്ചു. സി.വി. ജമീല, സഫിയ അലി, ഖദീജ റഹ്മാന്, ഫാത്വിമ മൂസ, പി. ലൈല ടീച്ചര്‍, ഹുദാബി, ആമിന ഉമ്മു ഐമന് എന്നിവര്‍ സംസാരിച്ചു.