State News

ദുരിതബാധിതരെ സഹായിക്കുക: ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സജീവമായി രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം ചെയ്തു. ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തിരാവശ്യങ്ങളായ ശുദ്ധജലവും ഭക്ഷണ പദാര്‍ത്ഥങ്ങളും എത്തിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ സേവനങ്ങള്‍ക്കും ഇനിയും വേഗമാവശ്യമാണെന്നും അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നുമില്ലാത്തവിധം ദുരിതംവിതച്ച പ്രളയകാലത്തിനാണ് നാം സാക്ഷിയാകുന്നത്. ഒരുപാട് ജീവനുകളാണ് ഇതിനകം പൊലിഞ്ഞത്. വീടുകള്‍ തകര്‍ന്നും ജീവിതോപാധികള്‍ നഷ്ടമായും അനേകം പേരാണ് ദുരിതത്തിലായത്. നിരവധി കുടുംബങ്ങളില്‍നിന്നും ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

മഹാകോടികളുടെ നാശനഷ്ടങ്ങളാണ് ഇതുവരെയായി ഉണ്ടായതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്.  വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളും നിരവധിയാണ്.  1924നു ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ പ്രളയമാണിത്.

സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കിലൊതുങ്ങുന്നതല്ല യഥാര്‍ത്ഥ ദുരന്തബാധിതരുടെ എണ്ണം. അത്യന്തം ഗുരുതരമായ ഈ ദുരിതകാലത്തെ അതിജീവിക്കാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സന്ദര്‍ഭമാണിതെന്നും അമീര്‍ പറഞ്ഞു.

സര്‍ക്കാര്‍ അവര്‍ക്കാകുംവിധം പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് മാത്രം പരിഹരിക്കാവുന്നതിലുമപ്പുറമാണ് ദുരന്തത്തിന്റെ വ്യാപ്തി. ദുരിതബാധിത പ്രദേശങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇതിനകം തന്നെ രക്ഷാദൗത്യവുമായി കര്‍മനിരതരായിട്ടുണ്ട്. ഈ താത്കാലിക സഹായംകൊണ്ട് അവരുടെ പുനരധിവാസം പൂര്‍ത്തിയാക്കാനാകില്ല. കൂടുതല്‍ ആസൂത്രിതവും ദീര്‍ഘകാലാടിസ്ഥനത്തിലുള്ളതുമായ പുനരധിവാസ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട് പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍, ഔദ്യോഗിക ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാകാത്തതോ അപര്യാപ്തമോ ആയ മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

പ്രളയം കവര്‍ന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഈ ദൗത്യത്തിലേക്ക് നിങ്ങളുടെ ഉദാരമായ സംഭവാനകള്‍ ഉണ്ടാകണമെന്നും അവ അര്‍ഹരിലേക്കെത്തിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി കൃതജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭാവനകള്‍ അയക്കേണ്ട വിലാസം:

A/C No: 916010084389753
IFSCode:utib 0002916
Axis bank, Mavoor Road Branch, Kozhikode
A/C Holder: Jamaate-e-islami hind

(തുക നിക്ഷേപിക്കുന്നവര്‍:finance@jihkerala.org ലേക്ക് ഇമെയില്‍ അയക്കുക. അല്ലെങ്കില്‍ 9605000752 എന്ന നമ്പറിലേക്ക് വാട്‌സാപ്/ എസ്.എം.എസ് അയച്ച് റസിപ്റ്റ് കൈപ്പറ്റുക.)