Ameer Updates

ദുരിതക്കയത്തിലമര്‍ന്ന കേരളത്തോടൊപ്പമാവട്ടെ ഈ ബലിപെരുന്നാള്‍

വിവരണാതീതമായ ദുരിതാനുഭവങ്ങളിലൂടെ കേരളം കടന്നുപോകുമ്പോഴാണ് ബലിപെരുന്നാള്‍ വന്നുചേരുന്നത്. ഇടവിടാതെ തിമര്‍ത്തുപെയ്ത മഴയും പ്രളയവും ഉരുള്‍പൊട്ടലുകളും  കേരളത്തിലെ മുഴുവന്‍ ഡാമുകളിലേയും വെള്ളം തുറന്നു വിടേണ്ടി വന്നതുമെല്ലാം ചേര്‍ന്നപ്പോള്‍ കേരളത്തിനത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ കാരണം എണ്ണമറ്റ മനുഷ്യജീവനുകള്‍ പൊലിയുന്നതും ഉറ്റയവരേയും ഉടയവരേയും വിട്ട്, കിടപ്പാടവും ജീവിതോപാധികളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പകുള്‍ ലക്ഷങ്ങള്‍ കഴിയുന്നതും അഭയാര്‍ഥികളായി പലായനം ചെയ്യുന്നതും ജീവന് വേണ്ടി കേഴുന്നതുമെല്ലാം മലയാളിക്ക് ഇന്നലെ വരെ ലോകത്തെവിടെയോ നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ച പത്രങ്ങളിലെ വാര്‍ത്തകളും ചാനലുകളിലെ ദൃശ്യാനുഭവങ്ങളും മാത്രമായിരുന്നു. ഇന്നത് ജീവിതാനുഭവമായി മാറിയിരിക്കുന്നു.

തകര്‍ന്നടിഞ്ഞ വീടുകള്‍, അവയ്ക്കടിയില്‍ ഒറ്റപ്പുതപ്പിനുള്ളില്‍ മക്കളെ കെട്ടിപ്പിടിച്ച് ജീവിതത്തോട് വിടപറഞ്ഞ മാതാക്കള്‍, കുടുംബത്തിലെ ഒരംഗത്തെ മാത്രം പേക്കിനാവുകള്‍ കാണാന്‍ ബാക്കിയാക്കി മരണത്തിലേക്ക് വീടിനൊപ്പം ഇടിഞ്ഞു വീണവര്‍, കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ ഹൃദയം തണുത്തുറച്ച ദൃശ്യങ്ങളാണ് ഇതൊക്കെയും.

മഴക്കെടുതി പരശ്ശതം ജീവനുകളെടുത്തു കഴിഞ്ഞു. പതിനായിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. ഏഴര ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. പ്രളയത്തില്‍ തുരുത്തില്‍ ഒറ്റപ്പെട്ടവര്‍ ആയിരങ്ങള്‍.
പ്രളയാനന്തരം വന്നേക്കാവുന്ന പകര്‍ച്ചവ്യാധികളെയും ഇതര രോഗങ്ങളെയും കുറിച്ച ആശങ്കയും ആധിയും ഇനിയും ബാക്കി.

ദുരന്തത്തെ നേരിടുന്നതിനും ദുരിതബാധിതരെ സഹായിക്കുന്നതിനും കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. മനഷ്യസ്‌നേഹത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും ഉജ്വല മാതൃകകള്‍ വിരിഞ്ഞു നിന്ന ദിനങ്ങള്‍ കൂടിയായിരുന്നു കഴിഞ്ഞുപോയത്. ഇസ്‌ലാമിക പ്രസ്ഥാനവും അതിനോട് പങ്ക്‌ചേര്‍ന്നു.

ദുരന്തത്തിന്റെ ആഴം മനസ്സിലാക്കി ഇസ്‌ലാമിക പ്രസ്ഥാനം രംഗത്തിറങ്ങി. സോളിഡാരിറ്റി, എസ് ഐ ഒ, ഐഡിയല്‍ റിലീഫ് വിങ്, ജി ഐ ഒ, വനിതാ വിഭാഗം, മാധ്യമ സംരഭങ്ങള്‍, ഇതര സേവന സംരംഭങ്ങള്‍ എല്ലാം സര്‍വസജ്ജമായി. കോഴിക്കോട് കേന്ദ്രീകരിച്ച സംസ്ഥാന ദുരിതാശ്വാസ സെല്‍ സജ്ജീകരിച്ചു. ജില്ലാ ദുരിതാശ്വാസ സെല്ലുകളും പ്രവര്‍ത്തനമാരംഭിച്ചു. ദുരിത മേഖലകളിലെ  രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലായിരുന്നു ഇവ നിര്‍വഹിച്ച ദൗത്യം.

സംസ്ഥാന ദുരിതാശ്വാസ സെല്ലില്‍ ബന്ധപ്പെടാവുന്ന നമ്പര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്തിയ ആദ്യ മണിക്കൂറുകള്‍ ദുരന്തത്തിന്റെ ആഴം മനസ്സിലാക്കുന്നതായിരുന്നു. രക്ഷിക്കണമെന്നും ഇല്ലെങ്കില്‍ മണിക്കൂറുകള്‍ക്കകം തന്നെ വെള്ളമെടുക്കുമെന്നും കേണുപറഞ്ഞെത്തിയ ഫോണ്‍ കോള്‍ വന്നത് രാത്രി രണ്ട് മണിക്ക്.നൂറിലധികം പേര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ അത്യധ്വാനം ചെയ്ത് വൃത്തിയാക്കിയെടുത്ത വീടുകളില്‍ വീണ്ടും മലവെള്ളം വന്ന് നിറയുന്നു. വീണ്ടും വൃത്തിയാക്കി, വീണ്ടും മലവെള്ളപ്പാച്ചില്‍.
വെള്ളം നിറഞ്ഞ ഭാര്യവീട്ടിലുള്ളവരെ സഹായിക്കാനെത്തിയ പ്രവര്‍ത്തകന്‍ ദുരിതാശ്വാസ ക്യാമ്പിന്റെ സംഘാടകനായി. ക്യാമ്പില്‍ ആദ്യം ഇരുന്നൂറ് പേര്‍, പിന്നെ അഞ്ഞൂറ്, എഴുന്നൂറ്റി അമ്പത്… ആ എണ്ണമങ്ങനെ ഉയര്‍ന്നു പൊങ്ങി.
കിട്ടിയ ഒരു ബോട്ടുമായി തുരിത്തിലകപ്പെട്ട എട്ടുപേരെയുമായി  തിരികെ വരികയായിരുന്നു ഐ ആര്‍ ഡബ്ലിയു പ്രവര്‍ത്തകര്‍. നടുക്കയത്തില്‍ ബോട്ട് ഇടിച്ച് തകരുന്നു. ഐ ആര്‍ ഡബ്ലിയു പ്രവര്‍ത്തകര്‍ അതിസാഹസികമായി എട്ടുപേരെയും നീന്തി കരക്കടുപ്പിച്ചു. അല്‍ഹംദുലില്ലാഹ്. പിന്നെ അവര്‍ ആവശ്യപ്പെട്ടത് നാല് ബോട്ടുകളായിരുന്നു. കേരളത്തില്‍ നിന്നും പുറത്തു നിന്നും ലഭിച്ച ബോട്ടുകള്‍ എത്തിച്ചു നല്‍കി. നൂറ് കണക്കിനാളുകളെ ജീവിതത്തിന്റെ കരക്കടുപ്പിക്കാന്‍ അവര്‍ക്കായി.  മനുഷ്യ സ്‌നേഹത്തിന്റെ, സാഹസികതയുടെ, സമര്‍പ്പണത്തിന്റെ, സര്‍വോപരി ദൈവത്തോടുള്ള കടപ്പാടിന്റെ ഒട്ടനവധി കഥകളും ഈ ദുരിത കാലത്തിന് പറയാനുണ്ട്.
ദുരിത നിലങ്ങളിലെ ആവശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചപ്പോഴേക്കും സഹായ ഹസ്തങ്ങള്‍ നീണ്ടുവന്നു. അടുത്ത് നിന്ന്, അകലെ നിന്ന്, സംസ്ഥാനത്തിനകത്ത് നിന്ന്, കടലോളങ്ങളെ മാടിയൊതുക്കി അക്കരെ നിന്നും.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ദേശീയ നേതൃതവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വിശ്രമമില്ലാതെ ഉപദേശങ്ങള്‍ നല്‍കിയും പുതിയ വഴികള്‍ കാണിച്ചു തന്നും അവര്‍ നമ്മുടെ നേതൃത്വമേറ്റെടുത്തു.
ദുരിതാശ്വാസ സെല്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ഇടതടവില്ലാതെ, പകലന്തിയോളം, ചുറുചുറുക്കോടെ കര്‍മോല്‍സുകരായ വിദ്യാര്‍ഥികളും യുവാക്കളും അവരാണ് സംഘാടകത്വം നിര്‍വഹിച്ചത്.  മറുനാടന്‍ മലയാളികളില്‍ നിന്ന്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന്, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവശ്യസാധനങ്ങളുമായി വാഹനങ്ങള്‍ വന്നപ്പോള്‍ കുടുംബത്തോടൊത്ത്, പിഞ്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം പെരുന്നാളിനായി അവരിലൊരു കൂട്ടര്‍ ഒരു ദിവസം, അല്ല ഏതാനും മണിക്കൂറുകള്‍ വീടുകളിലെത്തും. അപ്പോഴും മറ്റൊരു കൂട്ടര്‍ സജീവമായി രംഗത്തുണ്ടാവും. പെരുന്നാള്‍  ദിനം വൈകുന്നേരത്തോടെ, തൊട്ടടുത്ത ദിവസം രാവിലെ അവര്‍ തിരിച്ചെത്തും.
ഇത്തവണ പെരുന്നാള്‍ നമ്‌സക്കാരവും ഉളുഹിയത്തും നമുക്കുണ്ടാവും, ബാക്കിയൊക്കെയും ദുരിതബാധിതര്‍ക്കൊപ്പം നാമാഘോഷിക്കും, അവരുടെ വീടുകള്‍ വൃത്തിയാക്കി, അവര്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കി, ജീവിത വിഭവങ്ങള്‍ നല്‍കി, അവരുടെ കണ്ണീരൊപ്പി, സാന്ത്വനമായി, അവരുടെ ജീവിതത്തിനും നമ്മുടെ പെരുന്നാളിനും നാം വര്‍ണം നല്‍കും. ഇത് വ്യത്യസ്തമായൊരു പെരുന്നാളായിരിക്കട്ടെ.