State News

പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചുനല്‍കുന്ന 500 വീടുകളില്‍ ആദ്യത്തെതിന് തറക്കല്ലിട്ടു

പനമരം: പ്രളയാനന്തരം കേരളത്തെ ഒന്നിപ്പിച്ചത് സമൂഹത്തിലെ ഉയര്‍ന്ന മാനവിക മൂല്യങ്ങളാണന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്കായി നിര്‍മിച്ചുനല്‍കുന്ന 500 വീടുകളില്‍ ആദ്യത്തെതിന്റെ തറക്കല്ലിടല്‍ പനമരം കുഞ്ഞുകടവില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പലതരം ധ്രുവീകരണങ്ങള്‍ ജനത്തിനിടയില്‍ ശക്തമായിരിക്കുമ്പോഴാണ് പ്രളയം ഉണ്ടായത്. ഇതോടെ എല്ലാം മറന്ന് ജനങ്ങള്‍ ഒന്നിച്ചു. ഒരുമയുടെ കരുത്ത് കേരളം അനുഭവിച്ചറിഞ്ഞു. സമ്പത്തിന്റെ യഥാര്‍ഥ ഉടമ ദൈവമാണ്. കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കുന്നതിലൂടെ ദൈവത്തിലേക്ക് അടുക്കാനാകും. യുവാക്കളുടെ കര്‍മശേഷി ജനസേവനത്തിന് ഉപയോഗിക്കണം അദ്ദേഹം പറഞ്ഞു. ഭൂമി സ്വന്തമായി ഇല്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ പരമരത്ത് ടൗണ്‍ഷിപ്പ് രൂപത്തില്‍ വീട് നിര്‍മിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സംസ്ഥാന സെക്രട്ടറി പി.സി ബശീര്‍ അറിയിച്ചു. സമ്പത്ത് തേടിയുള്ള മനുഷ്യന്റെ പരക്കം പാച്ചിലിനിടയില്‍ പ്രളയം ഒരുപാട് അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെബി നസീമ പറഞ്ഞു.

പ്രതീക്ഷിക്കാതെയെത്തിയ പ്രളയം കിടപ്പാടമടക്കം തകര്‍ത്ത് കടന്നു പോയപ്പോള്‍ ഓട്ടിസം ബാധിച്ച മകളെയും വാരിപ്പിടിച്ച് ദുരിതാ ശ്വാസ ക്യാമ്പിലെത്തിയത് എങ്ങനെയാണെന്ന് പനമരം കീഞ്ഞുകടവിലെ ജയദേവന് ഇപ്പോഴും ഓര്‍ക്കാനാവുന്നില്ല. പ്രതീക്ഷകളും സ്വപ്നങ്ങളും പ്രളയമെടുത്തപ്പോള്‍ ഏഴ് വയസ്സുള്ള മകള്‍ ആര്‍ദ്രയുടെ അരികിലിരുന്ന് കരയുകയായിരുന്നു ജയദേവനും അങ്കണവാടി ടീച്ചറായിരുന്ന ഭാര്യ ഷൈലജയും. വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ സ്വരൂപിച്ച പണം കൊണ്ടാണ് ചെറുതെങ്കിലും ഒരു കൂര പണിതത്. അതാണ് ഒറ്റനിമിഷംകൊണ്ട് പ്രളയമെ ടുത്തത്. വീട്ടിലല്ലാതെ മറ്റൊരിടത്തും മകള്‍ ആര്‍ദ്രയെ കിടത്താനാവില്ല. പരിചരിക്കാന്‍ സദാസമയവും ഒരാള്‍ അടുത്തു വേണം. ക്യാമ്പില്‍നിന്ന് ത ല്‍ക്കാലികമായി ഒരു വാടക വീട്ടിലേക്കു മാറുമ്പോഴും ജയാദവന്‍ ആഗ്രഹിച്ചത് സ്വന്തമായി ഒരു ഷെഡ് എങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്നുമാത്രമാണ്. ഇതിനിടെയാണ് സഹായഹസ്തവുമായി പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരെത്തുന്നത്. പ്രളയക്കെടുതി പുനരധിവാസ ഭവന പദ്ധതിയുടെ ഭാഗമായി 500 വീടുകളാണ് പീപ്ള്‍സ് ഫൗണ്ടഷന്‍ നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തെ വിടാണ് ജയദേവനും കുടുംബത്തിനും നിര്‍മിച്ചു നല്‍കുന്നത്. വീട് തകര്‍ന്ന സ്ഥലത്ത് ജനകീയ പങ്കാളിത്തത്തോടെയാണ് പുതിയ വീടിന്റെ നിര്‍മാണം. തറക്കല്ലിടല്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.