ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം, വയനാട് ജില്ലാ നാസിം, കോഴിക്കോട് ജില്ലാ സെക്രട്ടറി, പ്രദേശിക അമീര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഭൂപതി അബൂബക്കര്‍ഹാജി നിര്യാതനായി. സാമൂഹിക പ്രവര്‍ത്തകനും പ്രമുഖ വ്യാപാരിയുമായിരുന്ന അബൂബക്കര്‍ ഹാജി അറിയപ്പെടുന്ന പ്രഭാഷകനും സംഘാടകനും മായിരുന്നു. 1966ലെ ഹജ്ജ് വേളയില്‍ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി യുമായി സന്ധിക്കാന്‍ അവസരം ലഭിച്ചു. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടച്ചത് പെടുകയും ചെയ്തു.
റൗദത്തുല്‍ ഉലൂം അറബിക് കോളേജ് അധ്യാപകനായിരുന്ന അബുസ്സ്വലാഹ് മൗലവിയുടെ പ്രഭാഷണങ്ങള്‍ കേട്ട് അന്ധവിശ്വാസങ്ങളോട് വിടപറഞ്ഞ അബൂബക്കര്‍ ഹാജി ‘പ്രബോധനം’ വായനയിലൂടെയാണ് ജമാഅത്തെ ഇസ്ലാമിയുമായി അടുത്തത്. 1950ല്‍ തന്നെ കേരളത്തിലെ പ്രസ്ഥാന സ്ഥാപകനേതാവ് വിപി മുഹമ്മദലി ഹാജിയുമായി ബന്ധപ്പെട്ടു.
നെടുങ്കണ്ടത്തില്‍ കോയപ്പെരി,കുഞ്ഞാമിന ദമ്പതികളുടെ മകനായി 1924 ല്‍, പുരാതന ശൈഖ് കുടുംബത്തിലെ അംഗമായി കുന്ദമംഗലത്ത് ജനിച്ചു. ഇന്റര്‍മീഡിയറ്റ് പൂര്ത്തികരിച്ചതോടൊപ്പം കുന്ദമംഗലത്തെ ഓത്തുപളളി, കാരന്തൂര്‍ പള്ളിദര്‍സ് എന്നിവിടങ്ങളില്‍ നിന്ന് മതവിദ്യാഭ്യാസവും നേടി. കുന്ദമംഗലം മാപ്പിള എല്‍.പി സ്കൂള്‍, ജെ.ഡി.റ്റി ഇസ്ലാം എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
പിന്നീട് പിതാവിന്റെ പാരമ്പര്യം പിന്തുടര്ന്ന്, ജ്യേഷ്ഠ സഹോദരങ്ങള്‍ക്കൊപ്പം വ്യാപാര രംഗത്ത് സജീവമായി. കുന്ദമംഗലം, വയനാട് ഉള്‍പ്പെടെ കേരളത്തിന്റെ പല ഭാഗത്തും ഭൂപതി സോപ്പ് കമ്പനി, ഭൂപതി ബീഡി, ആരതി ബ്ലു ഏജന്‍സി, സ്റ്റേഷനറിയുടെ മൊത്തവ്യാപാരം തുടങ്ങിയ ബിസിനസ് സംരംഭങ്ങള്‍ക്ക് സഹോദരങ്ങളോടൊപ്പം നേതൃത്വം നല്കി.
1950 ല്‍ കുന്ദമംഗലത്ത് ജമാഅത്ത് ഘടകംരൂപീകരിക്കുന്നതില് നേതൃത്വപരമായ പങ്കുവഹിച്ചു. വിവിധ മേഖലകളില്‍ നിന്നുണ്ടായ കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ച് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്ക് വഹിച്ചു. കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും വയനാട്ടിലും ജമാഅത്തെ ഇസ്ലാമി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു. ബത്തേരിയിലെ ശുബ്ബാനുല്‍ മുസ്ലിമുന്റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്കി. 1979 മുതല്‍ കല്പറ്റ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. കല്പറ്റ, പിണങ്ങോട്, പടിഞ്ഞാറത്തറ,കുന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളി നിര്‍മ്മാണത്തിന് നേതൃത്വപരമായ പങ്കുവഹിച്ചു . ജമാഅത്തെ ഇസ്ലാമി നടത്തിയ പല സമ്മേളനങ്ങളിലും വളണ്ടിയര്‍ ക്യാപ്റ്റനായും മറ്റു പല നിലകളിലും നേതൃപരമായ പങ്കുവെച്ചു. സാമുഹിക സേവന രംഗത്ത് സജീവമായിരുന്ന അബൂബക്കര്‍ ഹാജി, വിവിധ റിലീഫ് വിംഗുകള്‍ക്കും, പലിശരഹിത നിധിക്കും നേതംത്വം നല്കി. പിണങ്ങോട് ഇസ്ലാമിയ്യ കോളേജ് മുന്‍ ചെയര്മാന്, കല്പറ്റഐഡിയല് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് ,ബത്തേരി ഐ. എം. ടി ട്രസ്റ്റ് ചെയര്മാന് ,കുന്ദമംഗലം സക്കാത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് , കുന്നമംഗലം ഇസ്ലാമിക് എജുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന്, കുന്നമംഗലം മാകുട്ടം ചാരിറ്റബിള്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് അംഗം, കുന്നമംഗലം മസ്ജിദുല്‍ ഇഹ്സാന്‍ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്മരണീയങ്ങളാണ്.കുന്ദമംഗലം സ്വതന്ത്ര കളരി സംഘം സംഘാടകരിലൊരാളായ അബൂബക്കര്‍ ഹാജി കളരി അഭ്യാസി കൂടിയായിരുന്നു. ഒരു കാലത്ത് നിരവധി വേദികളില്‍ കളരി അഭ്യാസപ്രകടനങള്ക്ക് നേതൃതം നല്കുകയുണ്ടായി. വയനാട് വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡണ്ട് ,
കുന്ദമംഗലം വ്യാപാരി വ്യാവസായി ഏകോപന സമിതി പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
ഭാര്യ പരേതയായ കുഞ്ഞീബി ഹജ്ജുമ്മ. മക്കള്‍ ആമിന, ഫാത്തിമ, എന്‍ ഫസലു റഹമാന്, ഖദീജ, എന്‍ സദഖത്തുല്ല, ശരീഫ, എം.സിബഗത്തുല്ല, എം കെ .സാലിഹ്, എം കെ അമീന്, ഷഹര്‍ബാനു.എന്‍.മന്‍സൂര്‍ ഹുസ്ന, എം കെ .മുഹ്സിന്, എം കെ .സലീല്‍, പരേതനായ എം കെ . ശാക്കിര്‍ എന്നിവരാണ്.
പരേതരായ കെ.മരക്കാര്പ ചാത്തമംഗലം, സി കെ.അബൂബക്കര്‍ പിണങ്ങോട് ഇരുവരും പരേതര്‍,മുഹമ്മദ് വെള്ളിമാട്കുന്ന് , കെ വി.ജമാലുദ്ദീന്‍ കുനിയില്‍, അഷ്റഫ് വെള്ളിമാട്കുന്ന്.ശറഫുദീന് ഇന്ത്യ നൂര്‍ , ജമീല, സൗദ, ബി. മഫീദ, മാജിദ, സഫീറ, ജലീസ ,റജിമോള്‍, ജാസ്മിന് എന്നിവര്‍ മരുമക്കളും.
പരേതരായ ദൂപതിമൊയ്തീന് ഹാജി, അബദുര്‍ റഹ്മാന് കുട്ടി ഹാജി, ബിച്ചാലി ഹാജി, മുഹമ്മദ് ഹാജി ഉസ്മാന് ഹാജി, പരേതയായ ആമിന ഖദീജ ചാത്തമംഗലം എന്നിവരാണ് സഹോദരങ്ങള്‍.
ഭൂപതി എന്‍ അബുബക്കര്‍ ഹാജി- ശൈഖ് മുഹമ്മദ് കാരകുന്ന്
