Resolutions

രാജ്യനന്മക്കു ഒരുമിച്ചു മുന്നേറുക

ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ പ്രമേയങ്ങൾ
(2019 ജൂൺ 15-19 തീയതികളിൽ ശാന്തപുരം അൽജാമിഅയിൽ ചേർന്ന ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗീകരിച്ച പ്രമേയങ്ങൾ)

2019-ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്

രാജ്യം തങ്ങളിലർപ്പിച്ച വിശ്വാസം പൂർത്തീകരിക്കുംവിധം പുതിയ പാർലമെന്റ് അംഗങ്ങൾ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി പ്രത്യാശിക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെട്ട പല കാര്യങ്ങളും ആശങ്കാജനകമാണ്. എന്നാൽ, രാജ്യം അഭിമുഖീകരിക്കുന്ന ഒട്ടേറെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടതുമില്ല. പല സ്ഥാനാർഥികളും പ്രസംഗങ്ങളിലും പ്രസ്താവനകളിലും രാജ്യത്തെ ധാർമിക – ജനാധിപത്യ മൂല്യങ്ങൾക്ക് പുല്ലുവില കൽപിച്ചുകൊണ്ട് തീവ്ര ദേശീയതയുടെ പേരിൽ വികാരങ്ങൾ ആളിക്കത്തിക്കാനാണ് ശ്രമിച്ചത്. ഇത് സമൂഹത്തിന്റെ രാഷ്ട്രീയ ബോധം കെടുത്താനും വർഗീയ മനോഭാവം വളർത്താനുമാണ് ഉപകരിച്ചത്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികളും വേണ്ടത്ര അവധാനത പുലർത്തിയിരുന്നില്ലെന്നു മാത്രമല്ല അവർ പ്രതിരോധ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുകയായിരുന്നു.

ജനാധിപത്യത്തിന്റെ നാലാം തൂണെന്നറിയപ്പെടുന്ന മീഡിയയാകട്ടെ പൊതുസമൂഹത്തിന് ദിശാബോധം നൽകുന്നതിലും പക്ഷപാതരഹിതവും സത്യസന്ധവുമായി വാർത്തകളും വസ്തുതകളും ജനങ്ങളിലെത്തിക്കുന്നതിലും ശ്രദ്ധ പുലർത്തിയില്ല. പകരം മഞ്ഞപ്പത്ര പ്രവർത്തനമാണ് കാഴ്ചവെച്ചത്.
വോട്ടർമാർ, സ്ഥാനാർഥികളുടെ വീക്ഷണങ്ങളും മുൻകാല ചെയ്തികളും സമർപ്പിച്ച പരിപാടികളും പദ്ധതികളും വേണ്ടവണ്ണം പരിശോധിക്കുകയും വൈകാരിക മുദ്രാവാക്യങ്ങളിൽ ഭ്രമിക്കാതിരിക്കുകയും വേണമായിരുന്നു. എങ്കിൽ മാത്രമേ പൊതുസമൂഹത്തിന്റെ ക്ഷേമവും അഭിവൃദ്ധിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനും സദ്ഭരണം കാഴ്ചവെക്കാനും തെരഞ്ഞെടുക്കപ്പെട്ടവർക്ക് മനസ്സുണ്ടാവുകയുള്ളൂ.

തെരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങളോട് ന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജിച്ച് പ്രവർത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വാഗതാർഹമാണ്. എന്നാൽ പ്രസ്താവനയുടെ തൊട്ടുടനെ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ചില നീക്കങ്ങൾ ഇതിന്റെ ആത്മാവിനോട് നീതിപുലർത്തുന്നതായില്ല. അടുത്ത സമ്മേളനത്തിൽ തന്നെ മുത്ത്വലാഖ് ബിൽ അവതരിപ്പിക്കാനുള്ള തീരുമാനമാണ് അവയിൽ ഒന്നാമത്തേത്. ബിൽ പാസ്സാക്കാനാവാതെ രണ്ട് തവണ പിൻവലിച്ചതും ന്യൂനപക്ഷങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന ഉള്ളടക്കത്തോടു കൂടിയതുമാണ്. അതോടൊപ്പം നാഷ്നൽ റിക്കാർഡ് ഓഫ് സിറ്റിസൺ (എൻ.ആർ.സി) രാജ്യവ്യാപകമാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയും ആശങ്കയുളവാക്കുന്നു. ഇത് രാജ്യത്ത് ഛിദ്രതയും അസ്വസ്ഥതയും പടർത്തും. പ്രത്യേകിച്ച് മുസ്ലിംകളുടെ പൗരത്വം നിഷേധിക്കാനുള്ള നീക്കമാണിത്. കേന്ദ്ര ഭരണകൂടം ഭരണഘടനാ ഉത്തരവാദിത്തങ്ങൾ ഓർക്കേണ്ടതുണ്ട്. അധികാരം നേടുമ്പോഴെങ്കിലും ബി.ജെ.പി അതിന്റെ സങ്കുചിത വീക്ഷണം മാറ്റിവെച്ചുകൊണ്ട് എല്ലാ വിഭാഗങ്ങൾക്കും ക്ഷേമവും പുരോഗതിയും തുല്യനീതിയും അവസര സമത്വവും ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയായി മനസ്സിലാക്കണം.

വൈകാരിക മുദ്രാവാക്യങ്ങൾ വഴി സമൂഹത്തെ തുടർച്ചയായി വഞ്ചിക്കാനാവില്ലെന്നും കടമ നിർവഹിക്കാത്ത ഭരണകൂടങ്ങൾക്ക് ജനാധിപത്യത്തിൽ തുടരാനാവില്ലെന്നും യോഗം ഓർമിപ്പിക്കുന്നു. രാജ്യത്തിന്റെയും അതിലുൾച്ചേർന്ന ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായുള്ള എല്ലാ പ്രവർത്തനങ്ങളിലും ജമാഅത്തിന്റെ സഹകരണം വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങളെ വിമർശിക്കുന്നതിലും ചൂണ്ടിക്കാട്ടുന്നതിലും ജമാഅത്ത് ഒരിക്കലും പിന്നാക്കം പോവില്ല.

തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ പാർട്ടികളും അംഗങ്ങളും ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ റോൾ നിർവഹിക്കുമെന്ന് ശൂറ പ്രത്യാശിക്കുന്നു. രാഷ്ട്രീയ നേതാക്കളുടെയും പാർട്ടികളുടെയും സ്വാർഥ താൽപര്യങ്ങളും താൻപോരിമയുമാണ് രാഷ്ട്രത്തിന് നഷ്ടം വരുത്തിവെച്ചത്. ഈ തെരഞ്ഞെടുപ്പിൽനിന്ന് പാഠമുൾക്കൊണ്ട് ശക്തമായ പ്രതിപക്ഷമായി വർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും മുസ്ലിം സമുദായം അവധാനതയോടും ഉത്തരവാദിത്തബോധത്തോടും കൂടി പെരുമാറുകയും ആളിക്കത്താവുന്ന പല സന്ദർഭങ്ങളെയും സുമനസ്സോടെ നേരിടുകയും ചെയ്തത് അഭിനന്ദനാർഹമാണ്. അവർ വോട്ടു വിനിയോഗിക്കുന്ന കാര്യത്തിലും ചിന്താശക്തി തെളിയിച്ചിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, പ്രത്യേകിച്ച് മുസ്ലിം മെമ്പർമാർ രാജ്യത്തിന്റെയും സമുദായത്തിന്റെയും ക്ഷേമത്തിനും നന്മക്കും വേണ്ടി പ്രവർത്തിക്കുമെന്നും ജമാഅത്തെ ഇസ്ലാമി പ്രതീക്ഷിക്കുന്നു. നിർമാണാത്മക പ്രവർത്തനങ്ങളിൽ എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.

അസമിലെ എൻ.ആർ.സി പ്രശ്നം

അസമിലെ ലക്ഷക്കണക്കിന് പൗരന്മാരെ, വിശേഷിച്ച് മുസ്ലിംകളെ വിദേശികളായി മുദ്രകുത്തുന്നതും അവരുടെ ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങൾ നിഷേധിക്കുന്നതുമാണ് അസമിലെ പൗരത്വ രജിസ്ട്രേഷൻ. ഇതേറെ ആശങ്കയുളവാക്കുന്നതാണ്. പൗരത്വരേഖയിൽ ഉൾപ്പെടാത്തവരോട് ബന്ധപ്പെട്ട രേഖകളുമായി ട്രൈബ്യൂണലിനെ സമീപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമർപ്പിക്കപ്പെട്ട രേഖകൾ സ്വീകരിക്കാത്ത നിലപാടണ് ട്രൈബ്യൂണലിന്റേത്. ചില്ലറ അക്ഷരത്തെറ്റുകൾ പോലും ചൂണ്ടിക്കാട്ടിയുള്ള നിരാസം ട്രൈബ്യൂണലിന്റെ ഉദ്ദേശ്യശുദ്ധി ഏറെ സംശയാസ്പദമാക്കിയിട്ടുണ്ട്. വീട്ടിലെ ഒരംഗത്തിന്റെ റെക്കോർഡ് നിരസിക്കപ്പെടുന്നതോടെ മൊത്തം കുടുംബത്തെത്തന്നെ ലിസ്റ്റിൽനിന്നൊഴിവാക്കുന്നത് അനീതിയും അക്രമവുമാണ്. ട്രൈബ്യൂണൽ നിരസിക്കുന്നതോടെ മറ്റു വാതിലുകളും അടയുന്ന സ്ഥിതിയാണുള്ളത്.

സുപ്രീം കോടതിയുടെ എല്ലാ ഉറപ്പുകളും കാറ്റിൽ പറത്തുംവിധം ഓഫീസർമാരുടെയും ട്രൈബ്യൂണൽ അംഗങ്ങളുടെയും പക്ഷപാതപരമായ നിലപാടിൽ ജമാഅത്തെ ഇസ്ലാമി കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. ജൂലൈ 31-ന്റെ ഡെഡ് ലൈൻ വരേക്കും കാര്യങ്ങൾ തീരുമാനമാകാതെ അവശേഷിക്കാൻ തന്നെയാണ് സാധ്യത.

സുപ്രീം കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും പുറത്തുള്ളവരെ സംബന്ധിച്ച സംസ്ഥാന ഭരണകൂടത്തിന്റെ നിലപാടെന്താണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അതേസമയം അസമിൽ ആറ് തടവറ ക്യാമ്പുകളിലായി 900 ‘വിദേശി’കളെ യാതൊരു സൗകര്യങ്ങളും നൽകാതെ പാർപ്പിച്ചിരിക്കുകയാണ്. പുറത്തുള്ള ഒരു ലക്ഷത്തിലേറെ പേരെ അനിശ്ചിതത്വത്തിലാക്കി മാറ്റിനിർത്തുകയും ചെയ്തിരിക്കുന്നു. ഇനിയുമിത് നാടാകെ വ്യാപിപ്പിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ബി.ജെ.പി സർക്കാർ തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾക്കായി അശാന്തി പടർത്തുകയും ഇന്ത്യയുടെ അഖണ്ഡതയെ കൊഞ്ഞനം കുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായ പൗരത്വ ബിൽ പാർലമെന്റിൽ വെക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അയൽ നാടുകളിൽനിന്ന് കുടിയേറുന്നവരിൽ മുസ്ലിംകളല്ലാത്തവർക്ക് പൗരത്വം നൽകുന്നതും തദ്ദേശീയരായ മുസ്ലിംകളെ പോലും വിദേശികളായി പുറത്താക്കുന്നതുമായ ഈ ബിൽ വർഗീയ മനസ്സിന്റെ ഉൽപന്നമാണെന്ന് നാം മനസ്സിലാക്കുന്നു. രാജ്യത്തിന്റെ ബഹുസ്വരതക്കും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക തത്ത്വങ്ങൾക്കും നേരെയുള്ള കൈയേറ്റമാണിത്. ഇത് പിൻവലിക്കുകയും മതപരമായി ചേരിതിരിക്കുന്ന ഇത്തരം ബില്ലുകൾ പാസ്സാക്കാതിരിക്കുകയും ചെയ്യണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു.

 

ആക്രമണോത്സുകതയുടെയും നിയമരാഹിത്യത്തിന്റെയും വളർച്ച

രാജ്യത്ത് വർധിച്ചുവരുന്ന ആക്രമണോത്സുകതയും നിയമലംഘനങ്ങളും വിധ്വംസക പ്രവർത്തനങ്ങളും ആശങ്കാജനകമാണ്. അതോടൊപ്പം ധാർമികതയും സഹിഷ്ണുതയും സമൂഹത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. സങ്കുചിതത്വം, പക്ഷപാതിത്വം, നീതിരാഹിത്യം തുടങ്ങിയവ സമൂഹഗാത്രത്തെ ബാധിച്ച മഹാമാരികളാണിന്ന്. ദുർബലർ ആക്രമിക്കപ്പെടുന്നതോടൊപ്പം പെൺകുട്ടികളോടുള്ള ലൈംഗികാതിക്രമങ്ങളും ബലാത്സംഗ കൊലപാതകങ്ങളും സാർവത്രികമായി മാറിയിരിക്കുന്നു. ദലിതരും ന്യൂനപക്ഷ വിഭാഗങ്ങളും സവർണരുടെ അതിക്രമങ്ങൾക്ക് ഇരയാവുകയും ആൾക്കൂട്ട ആക്രമണങ്ങൾ പൂർവോപരി വർധിക്കുകയും ചെയ്തിരിക്കുകയാണ്. ഭരണാനുകൂല പാർട്ടികൾ അതിന് രാഷ്ട്രീയമായും നിയമപരമായും സഹായകമായ രീതിയിലാണ് വർത്തിക്കുന്നത്. അത്തരം ആളുകളെ നിലക്ക് നിർത്തുന്നതിനു പകരം കയറൂരി വിട്ടിരിക്കുകയാണ്.
ഭരണകർത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും ധാർമിക നിലവാരം ഉണർത്താനും സങ്കുചിത വർഗീയ മനസ്സുകളെ ശുദ്ധീകരിക്കാനും സ്ത്രീകളോടും കുട്ടികളോടും മാന്യമായി പെരുമാറാനും അഴിമതിയും കൈക്കൂലിയും ഒഴിവാക്കാനും വേണ്ട ധാർമിക ശിക്ഷണം നൽകണം.
സമൂഹത്തിൽ മാനവികത ഉയർത്തിപ്പിടിക്കാൻ ഭരണകൂടത്തിനു പുറമെ മത-സാമൂഹിക നേതാക്കൾക്ക് ബാധ്യതയുള്ള പോലെ മാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. എന്നാൽ മത-സാമുദായിക നേതൃത്വം മൗനമവലംബിക്കുമ്പോൾ മാധ്യമങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുന്ന വിധം ഇല്ലാക്കഥകളുമായാണ് രംഗത്തുവരുന്നത്. അവർ മർദിതരെ മർദകരും തിരിച്ചും ചിത്രീകരിക്കുന്നു. നിർലജ്ജതയും മൂല്യരാഹിത്യവും വ്യാപിക്കുന്നു. വർഗീയതയും വംശീയതയും വളർത്തുകയും ചെയ്യുന്നു. സാമൂഹിക, മത നേതൃത്വവും മീഡിയയും സ്വന്തം ഉത്തരവാദിത്തം നിറവേറ്റുകയും സമൂഹത്തിൽ നിയമരാഹിത്യവും ധർമച്യുതിയും വ്യാപിക്കുന്നത് തടയാൻ മുന്നോട്ടുവരണം.
തിന്മ വ്യാപിപ്പിക്കുന്ന ദുശ്ശക്തികളുടെ വലയിൽ വീഴാതെ സാമൂഹിക ക്ഷേമത്തിനും നീതിക്കും സമാധാനത്തിനും വേണ്ടി ശബ്ദിക്കുകയും പുതിയ തലമുറയെ ധർമബോധമുള്ളവരാക്കാൻ സ്വയം മാതൃകയാവണമെന്ന് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു.

മുസ്ലിം ലോകത്തിന്റെ വർത്തമാനം

മുസ്ലിം ലോകത്തിന്റെ ഇന്നത്തെ സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിൽ ജമാഅത്തെ ഇസ്ലാമി അങ്ങേയറ്റം ആശങ്കയും ഖേദവും രേഖപ്പെടുത്തുന്നു. യമൻ, സിറിയ, അഫ്ഗാനിസ്താൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾക്കു പിന്നാലെ ഇപ്പോൾ ലോകശക്തികൾ സുഡാനെയാണ് നോട്ടമിട്ടിരിക്കുന്നത്. ബാഹ്യശക്തികൾക്ക് ഇടപെടാൻ പാകത്തിന് അവിടെ ആഭ്യന്തര കലാപം മൂർഛിച്ചിരിക്കുകയാണ്. മറുവശത്ത് ചില രാഷ്ട്രങ്ങൾ തമ്മിലുള്ള സംഘർഷം മേഖലയിൽ ഒരു മഹാ യുദ്ധത്തിന്റെ തന്നെ കരിനിഴൽ വീഴ്ത്തിയിരിക്കുന്നു. അമേരിക്കയും ഇസ്രയേലും സഖ്യ രാഷ്ട്രങ്ങളും രാജ്യങ്ങളെ യുദ്ധത്തിലേക്ക് തള്ളിക്കൊണ്ടിരിക്കുകയാണ്. വൻതോതിലുള്ള ആയുധ വിപണനമാണ് അവരുടെ ലക്ഷ്യം. ഒപ്പം മുസ്ലിം രാഷ്ട്രങ്ങൾ തമ്മിലടിച്ച് ദുർബലമാവുമല്ലോ എന്നതും. രാഷ്ട്ര നേതാക്കളോട് ഈ ചതി മനസ്സിലാക്കി സംഘർഷമൊഴിവാക്കി സമാധാനത്തിലേക്ക് തിരിച്ചുവരണം. പരസ്പര സംഭാഷണത്തിലൂടെ ഏതു പ്രശ്നത്തിനും പരിഹാരം കാണാവുന്നതേയുള്ളൂ.
മുസ്ലിം രാഷ്ട്രങ്ങളുടെ വേദിയായ ഒ.ഐ.സിയോ മറ്റേതെങ്കിലും സംയുക്ത വേദിയോ ഇടപെട്ടുകൊണ്ട് സുഡാനിൽ സ്വന്തം പൗരന്മാരുടെ ഒരു താൽക്കാലിക ഗവൺമെന്റ് രൂപീകരിച്ച് സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ് നടത്തി ഭരണകൂടം സ്ഥാപിക്കാൻ മുന്നോട്ടുവരണമെന്ന് മുസ്ലിം രാഷ്ട്ര നേതാക്കളോട് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു. അതുവഴി മാത്രമേ അവിടെ സമാധാനവും സുഭിക്ഷതയും തിരിച്ചുവരാൻ സാധ്യമാവൂ.
മർദിതരായ ഫലസ്ത്വീനു നേരെ ഏറെക്കാലമായി കിരാതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിവരികയാണ് ജൂതരാഷ്ട്രം. അതിന്റെ ഇരകളാവുന്നത് നിരപരാധികളായ കുട്ടികളും സ്ത്രീകളുമാണ്. മുസ്ലിം രാഷ്ട്രങ്ങളും യു.എൻ പോലുള്ള അന്താരാഷ്ട്ര വേദികളും ഇസ്രയേലിനെ ഇത്തരം ചെയ്തികളിൽനിന്ന് പിന്തിരിപ്പിക്കാനും യു.എൻ പ്രമേയങ്ങൾ അനുസരിക്കാനും പ്രേരിപ്പിക്കണമെന്ന് കേന്ദ്ര ശൂറ ആവശ്യപ്പെടുന്നു. ഫലസ്ത്വീൻ അധീനതയിലുള്ള പ്രദേശങ്ങളിൽ സ്വതന്ത്രമായും നിർഭയമായും സഞ്ചരിക്കാനും നിത്യവൃത്തിക്കുള്ള തൊഴിലെടുക്കാനും അവശ്യ സാധനങ്ങൾ കൊണ്ടുവരാനും കഴിയുന്ന ഒരു സാഹചര്യമൊരുക്കാൻ ലോക രാഷ്ട്രങ്ങളുടെ ശ്രമവും സമ്മർദവും ഉണ്ടാവണമെന്നും ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെടുന്നു.