ഇടുക്കി/അടിമാലി: പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി അടിമാലി ശല്യാംപാറ പ്രദേശത്ത് നിർധനരായ 2 കുടുംബങ്ങൾക്ക് ജമാഅത്തെ ഇസ്ലാമി സേവന വിഭാഗം പിപ്പീൾസ് ഫൗണ്ടേഷൻ വീടുകൾ നിർമിച്ചു നൽകി. വീടുകളുടെ താക്കോൽദാനം ദേവികുളം മണ്ഡലം എം.എൽ.എ എസ്.രാജേന്ദ്രൻ നിർവ്വഹിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പീപ്പിൾസ് ഫൗണ്ടേഷൻ നിർവ്വഹിക്കുന്ന ഇത്തരം ഉദാത്ത മാതൃകകൾ സർക്കാർ സംവിധാനങ്ങൾക്ക് പിൻതുണയും, കൈത്താങ്ങുമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടി ചേർത്തു. ശല്യാംപാറയിലെ വിധവയും രോഗിയുമായി കുഞ്ഞമ്മയുടെ വീട് കഴിഞ്ഞ പ്രളയ സമയത്തു ഈ പ്രദേശത്തുണ്ടായ പ്രത്യേക പ്രകൃതി പ്രതിഭാസത്തിൽ രണ്ടായി പിളർന്നു നശിച്ചുപോയിരിന്നു. താക്കോൽദാനത്തിനു മുമ്പ് വീട് സന്ദർശിച്ച എം.എൽ.എ ജാതി മത ഭേദമന്യേ ഏറ്റവും അർഹരായവരെ കണ്ടെത്തുന്നതിൽ പീപ്പിൾസ് ഫൗണ്ടേഷൻ സ്വീകരിക്കുന്ന നിലപാട് മാതൃകയോഗ്യമാണെന്നു അഭിപ്രായപ്പെട്ടു.
തുടർന്ന് ശല്യാംപാറ ടൗണിൽ നടന്ന പൊതുപരിപാടിക്ക് ജമാഅത്തെ ഇസ്ലാമി അടിമാലി ഏരിയ പ്രസിഡന്റ് ഇ.എം അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ സംസ്ഥാന പ്രതിനിധി ശ്രീ. അയ്യൂബ് തിരൂർ കൊന്നത്തടിയിൽ സി.എം.കരീമിനുള്ള വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. അപൂർവ രോഗത്തിനടിമയും പ്രകൃതി ദുരന്തത്തിനിരയുമായ സീനത്തിനുള്ള ഒരു ലക്ഷം രൂപയുടെ ചികിത്സ സഹായം കൊന്നത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജയിംസ് കുളങ്ങര നിർവഹിച്ചു. വാർഡ് മെമ്പർമാരായ കെ.സി ജോസ്, മുഹമ്മദ് ഷാഫി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ഡോ: നസിയാ ഹസൻ, താജുദീൻ ജുമുഅ മസ്ജിദ് ഇമാം മൗലവി അഷ്റഫ് സഖാഫി, കൊന്നത്തടി ജുമുഅ മസ്ജിദ് ഇമാം മൗലവി ഹക്കീം ഫൈസി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ ഡോ.എ.പി.ഹസ്സൻ പീപ്പിൾസ് ഫൗണ്ടേഷനെ പരിചയപ്പെടുത്തി സംസാരിച്ചു. പരിപാടിക്ക് പ്രളയ പുനരധിവാസ കമ്മറ്റി ഇടുക്കി ജില്ലാ കോർഡിനേറ്റർ അബ്ദുൽ ഹലീം സ്വാഗതവും അടിമാലി ഏരിയ കൺവീനർ എ.പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.