Ameer UpdatesState News

രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന പൗരത്വബില്ലിനെതിരെ രംഗത്തുവരിക – ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കുമുള്ള തുല്യാവകാശത്തെ വെല്ലുവിളിക്കുന്നതാണ് പൗരത്വബില്ലെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. ഇത് തീർത്തും വിവേചനപരമാണ്. മത, ജാതി, കാലങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വേർത്തിരിവ് സൃഷ്ടിച്ച് വിദ്വാഷവും വെറുപ്പും ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കുകയും മുസ്ലിംകളെ അപരരായി പ്രഖ്യാപിക്കാനുള്ള പദ്ധതിയാണിത്.

പൗരത്വബില്ലിനെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബില്ലില്‍നിന്ന് ഒഴിവാക്കിയും ഇതര വിഭാഗങ്ങൾക്ക് പഴുതുകൾ തുറന്നു വെച്ചും മുസ്‌ലിംകളെ മാത്രം വേട്ടയാടാനാണ് സംഘ്പരിവാര്‍ പദ്ധതിയിടുന്നത്. പൗരത്വം തെളിയിക്കാൻ അസാധ്യമായ വ്യവസ്ഥകളാണ് ബിൽ മുന്നോട്ട് വെക്കുന്നത്. പൊതുഖജനാവിൽ നിന്നും1600 കോടി മുടക്കി ആറ് വർഷമെടുത്ത് തയാറാക്കിയ അസം പൗരത്വ പട്ടിക തള്ളിക്കളഞ്ഞ് പുതുതായുണ്ടാക്കാനുള്ള തീരുമാനം സംഘ്പരിവാർ അജണ്ട പൂർണമായും നടപ്പിലാക്കുന്നതിന് വേണ്ടിയാണ്. രാജ്യം നേരിടുന്ന വിലക്കയറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ വർഗീയ ധ്രുവീകരണം നടത്തിക്കൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സർക്കാർ ലക്ഷ്യമിടുന്നത്. വലിയൊരു വിഭാഗത്തെ സംശയത്തിന്റെ നിഴലിൽ നിർത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഭരണകൂടഫാഷിസത്തിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും അമീർ ആവശ്യപ്പെട്ടു.

Comment here