കോഴിക്കോട് : പുതു വർഷത്തിൽ 14 കുടുംബങ്ങൾക്ക് തണലേകി കേരളത്തിന്റെ ജനകീയ ഭവന പദ്ധതിയായ “പീപ്പ്ൾസ് ഹോം” പദ്ധതി. കോഴിക്കോട്, കൊല്ലം, മലപ്പുറം, തൃശൂർ ജില്ലകളിലായി 14 കുടുംബങ്ങൾ ക്കാണ് പീപ്പ്ൾസ് ഹോം പദ്ധതിയിലൂടെ വീടുകൾ നിർമ്മിച്ചു നൽകിയത്. ‘ആകാശം മേൽക്കൂരയായവർക്ക് സനേഹത്തിന്റെ കൂടൊരുക്കാം’ എന്ന മുദ്രാവാക്യമുയർത്തി പീപ്പിൾസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 1500 ദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയാണ് ‘പീപ്പിൾസ് ഹോം’ പദ്ധതി. 2017ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം ആയിരത്തോളം വീടുകൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. ഭൂമിയും വീടില്ലാത്തവർക്ക് അതും ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. കേരളത്തിലെ സുമനസ്സുകളായ ധാരാളം വ്യക്തികൾ ഭൂമിയും പണവും നൽകിയാണ് ഈ പദ്ധതിയെ ശക്തിപ്പെടുത്തിയത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നാല് വീടുകളടങ്ങിയ ഫ്ളാറ്റും, തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ പീപ്പ്ൾസ് ഫൗണ്ടേഷനും കെയർ ട്രസ്റ്റ് കൊടുങ്ങല്ലൂരും സംയുക്തമായി പണിതീർത്ത ആറ് വീടുകളും, കൊല്ലം ജില്ലയിലെ പനവേലിയിൽ ബൈത്തുസകാത്ത് കേരളയും പീപ്പ്ൾസ് ഫൗണ്ടേഷനും ചേർന്ന് നിർമ്മിച്ച ഒരു വീടും, മലപ്പുറം ജില്ലയിലെ താനൂരിൽ രണ്ടും, തിരൂരിൽ ഒരു വീടും അടക്കം പതിനാല് വീടുകളാണ് ഡിസംബർ മാസം ഉപഭോക്താക്കൾക്ക് കൈമാറിയത്.
കോഴിക്കോട് കുറ്റിക്കാട്ടൂർ AWH കോളേജിന് സമീപം നടന്ന പരിപാടിയിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ താക്കോൽദാനം നിർവ്വഹിച്ചു. പീപ്പ്ൾസ് ഫൗണ്ടേഷൻ മുൻ ചെയർമാൻ പി.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു, സെക്രട്ടറി എം.അബ്ദുൽ മജീദ് , പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത എന്നിവർ സംബന്ധിച്ചു. കുടുംബങ്ങൾക്ക് വേണ്ടി ഗ്രാമപഞ്ചായത്തംഗം സഫിയ മാക്കിനിയാട്ട് വീടുകൾ ഏറ്റുവാങ്ങി.
സർക്കാറുകൾക്കൊപ്പം സാമൂഹ്യ സേവന സംഘടനകളും ചേർന്നാൽ മാത്രമേ ജീവിതത്തിന്റെ അനിവാര്യമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരുടെ കണ്ണീരൊപ്പാൻ സാധിക്കൂവെന്ന് ബെന്നി ബെഹനാൻ എം.പി പറഞ്ഞു. കൊടുങ്ങല്ലൂർ കെയര്‍ ട്രസ്റ്റിന്റെയും പീപ്പിള്‍സ് ഫൗണ്ടേഷേന്‍ കേരളയുടെയും സംയുക്ത സംരഭമായ കെയര്‍ ഹോമുകളുടെ കൈമാറ്റ ചടങ്ങ് കൊടുങ്ങല്ലൂർ ഇലാഹിയ നഗർ, പതിയാശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഈ രംഗത്ത് പീപ്പിൾസ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണ് അദ്ദേഹം കൂട്ടി ചേർത്തു. എം.എല്‍.എ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് സെക്രട്ടറി സാദിഖ് ഉളിയില്‍ മുഖ്യ പ്രഭാഷണം നടത്തി. കൊടുങ്ങല്ലൂര്‍ കെയര്‍ ട്രസ്റ്റ് ചെയര്മാന് പി.എസ് ഹബീബുല്ല അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ ഷീലാ ബാബു, കെ.എ ഹൈദ്രോസ്, ഡി.സി.സി സെക്രട്ടറി ടി.എം നാസർ, എം.ഐ.ടി കൊടുങ്ങല്ലൂര്‍ ചെയര്മാന് കെ.സി ഹൈദ്രോസ് ഹാജി, പീപ്പിള്‍സ് ഫൗണ്ടേഷന് ജില്ലാ കോഡിനേറ്റര്‍ കെ.എ സദറുദ്ദീന്‍, പതിയാശ്ശേരി മഹല്ല് പ്രസിഡന്റ് പി.കെ അബ്ദുല്‍ കരീം ഹാജി എന്നിവർ സംസാരിച്ചു.
താനൂരിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ സമർപ്പണം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, താനൂർ മുൻസിപ്പൽ ചെയർപേഴ്സൺ സി.കെ സുബൈദ എന്നിവർ നിർവഹിച്ചു. ബിപി അങ്ങാടി തിരൂരിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം വീട്ടുമുറ്റത്ത് നടന്ന ലളിതമായ ചടങ്ങിൽ നിർവ്വഹിച്ചു. ജനസേവന രംഗത്ത് സ്തുത്യർഹമായ പങ്ക് നിർവ്വഹിക്കുന്നവരെ ആദരിക്കുകയും, പീപ്പിൾസ് ഫൗണ്ടേഷന്റെ മറ്റു പദ്ധതികളുടെ വിതരണവും പരിപാടികളിൽ നടന്നു. സാമൂഹ്യ – സാംസ്ക്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടികളിൽ സംബന്ധിച്ചു.