Press ReleaseState News

എൻ.പി.ആർ ആശങ്കകൾ പരിഹരിച്ച ശേഷമേ സെൻസസ് നടപ്പാക്കാവൂ – ടി. ആരിഫലി

തിരുവനന്തപുരം: സെൻസസിനായി സമാഹരിക്കുന്ന വിവരങ്ങൾ എൻ.പി.ആറിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത ഉറപ്പുവരുത്തിയ ശേഷമേ സർക്കാർ സെൻസസ് നടപടികളുമായി മുന്നോട്ടുപോകാവൂവെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി.ആരിഫലി. എൻ.ആർ.സിയുടെ ഭാഗമായുള്ള എൻ.പി.ആർ പ്രവർത്തനങ്ങൾ വേണ്ടെന്ന് വെക്കുന്നതിൽ കേരളസർക്കാർ മുൻകൈ എടുത്തത് അഭിനന്ദനീയമാണ്. എന്നാൽ സെൻസസും എൻ.പി.ആറും കൂട്ടികലർത്തിയുള്ള പ്രചാരണങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ കുറച്ച് കൂടി ശക്തമായ ഇടപെടൽ വേണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടിയുള്ള ജനങ്ങളുടെ സമരമെന്ന നിലയിൽ പൗരത്വനിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമായി തുടരണം. സാമുദായികമായ വേർതിരിവുകളില്ലാതെയും അക്രമരഹിതവും ക്രിയാത്മകവുമായ സമരങ്ങളാണ് ആവശ്യം. സമരക്കാരെ കേസുകളിൽ കുരുക്കിയാലും കുറ്റങ്ങൾ ചാർത്തിയാലും പ്രക്ഷോഭം തകരില്ല, പകരം കൂടുതൽ ശക്തിപ്പെടുകയേയുള്ളൂ.
രാജ്യവ്യാപക പ്രേക്ഷാഭങ്ങളുടെ ഭാഗമായി ജമാഅത്തെ ഇസ്‌ലാമി തുടക്കത്തിലേയുണ്ട്. സാമുദായിക ധ്രുവീകരണത്തെ തടഞ്ഞും അക്രമരഹിതമായ മാർഗങ്ങളിൽ ഉറച്ച് നിന്നും പൗരത്വപ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്
സമാന ആശയക്കാരുടെ വിശാല സഖ്യം രൂപപ്പെടുത്തുന്നതിൽ ജമാഅത്തെ ഇസ്‌ലാമി നേതൃപരമായ പങ്കാണ് വഹിക്കുന്നത്. ഈ കൂട്ടായ്മയുടെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രക്ഷോഭങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. പ്രതിഷേധ സമരങ്ങളിൽ നിന്ന് ജമാഅത്തിന് ആരും അയിത്തം കൽപ്പിച്ചിട്ടില്ല. കേരളത്തിൽ ആരെങ്കിലും അത്തരം സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നവുമാണ്. ഇൗ വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. ലക്ഷ്യം സി.എ.എയും എൻ.ആർ.സിയും പിൻവലിക്കുക എന്നതാണ്. ആ ലക്ഷ്യത്തോടൊപ്പം രാഷ്ട്രീയവും സംഘടനാപരമായ കാര്യങ്ങൾ കൂടികലർന്നാൽ ലക്ഷ്യം ദുർബലപ്പെടുമെന്നതിനാൽ ഇത്തരം ചർച്ചകളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല.
രാജ്യവ്യാപകമായി വിദ്യാർഥികളും കൂടിചേർന്ന് നയിക്കുന്ന സമരമാണിത്. രാഷ്ട്രീയപാർട്ടികളോ മതസംഘടന നേതാക്കളോ ഇൗ സമരങ്ങളുടെ മുന്നിൽ കയറി നിൽക്കാൻ ഇതുവരെ പ്രാപ്തമായിട്ടില്ല. സ്ത്രീകളുടെ പൊതുപങ്കാളിത്തത്തെപ്പറ്റി മുസ്‌ലിം സമുദായത്തിൽ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ഇത്തരം അഭിപ്രായങ്ങൾ ഇന്ത്യയിൽ ഉടനീളം സ്ത്രീകളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ നടക്കുന്ന സമരങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള അസി.അമീർ പി.മുജീബുറഹ്മാൻ, എച്ച്.ഷഹീർ മൗലവി, സമദ് കുന്നക്കാവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comment here