ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും തകർക്കുന്ന CAA, NRC, NPR എന്നീ നിയമങ്ങൾ ജനങ്ങൾക്ക് നേരെ അടിച്ചേൽപ്പിച്ച് ഇന്ത്യൻ ജനതയെ ജാതിയുടെയും മതേതതരത്വത്തിന്റെയും പേരിൽ വേർതിരിവുണ്ടാക്കുവാനും പുറത്താക്കാനും ശ്രമിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗത്തിന്റെയും ഗേൾസ് ഇസ്ലാമിക് ഒാർഗനൈസേഷൻ കേരളയുടെയും ആഭിമുഖ്യത്തിലാണ് സ്ത്രീകളും കുട്ടികളും പങ്കെടുക്കുന്ന അഞ്ചു ദിവസത്തെ പരിപാടി തുടങ്ങിയത്.ആദ്യ ദിനം സാഹിത്യകാരൻ പി. സുരേന്ദ്രൻ പങ്കെടുത്തു.
വംശീയതയാണ് ആർ.എസ്.എസിന്റെ പ്രത്യയ ശാസ്ത്രമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് പരാജയപ്പെട്ട പ്രത്യയശാസ്ത്രമാണിത്. വംശീയമായ പ്രത്യയ ശാസ്ത്രങ്ങളെ ഉപേക്ഷിക്കാൻ ലോകം തയ്യാറാകുമ്പോൾ ഇന്ത്യ അതിന് പിന്നാലെ പോവുകയാണ്. എന്നാൽ ഇൗ പ്രത്യയശാസ്ത്രം ഇന്ത്യയിൽ നിന്ന് വേരോടെ പിഴുതെറിയാനുള്ള അസാധാരണമായ അവസരമാണ് വന്നു ചേർന്നിരിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. യഥാർത്ഥ സമരം വരാനിരിക്കുന്നേയുള്ളൂ. പൗരത്വത്തിനെതിരെ രാജ്യത്ത് വരാനിരിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ അടിത്തറ നിർമാണമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സോയ ജോസഫും ആദ്യദിനത്തിൽ പങ്കെടുത്തു. തോറ്റുപോകുന്ന ജനതയല്ല നമ്മളെന്ന് പൗരത്വ സമരം തെളിയിക്കുമെന്ന് അവർ പറഞ്ഞു. ഇൗ രാജ്യത്ത് നിന്ന് ആരെയും കെട്ടു കെട്ടിക്കാൻ കഴിയില്ലെന്ന് അമിത്ഷാക്കും ആർ.എസ്.എസിനുമറിയാം. എന്നാൽ വിഭാഗീയത സൃഷ്ടിക്കാൻ മാത്രമാണിവരുടെ ലക്ഷ്യം. ഇതിനെതിരെ എല്ലാ വിഭാഗങ്ങളും ചേർന്ന സമരമാണ് വേണ്ടതെന്നും സോയ ജോസഫ് അഭിപ്രായപ്പെട്ടു. ഭരണ ഘടനാനുസൃതമായി രാജ്യത്തിന്റെ ക്ഷേമത്തിനും എെശ്വര്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും പൗരന്മാരുടെ ഉന്നമനമാണ് ജന പ്രതിനിധികളുടെ കർത്തവ്യമെന്നും പ്രതിജ്ഞ ചെയ്ത് കയറിയ ഒരു സർക്കാർ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണ്. പൗരത്വഭേദഗതി മുൻനിർത്തിയാണ് നമ്മൾ സമര രംഗത്തുള്ളത് എന്നതോടൊപ്പം തന്നെ ജനദ്രോഹപരമായ മുഴുവൻ നിയമങ്ങൾക്കും എതിരെയുള്ളതാണ് ഇൗ പ്രക്ഷോഭം എന്ന് ഒാർമപ്പെടുത്തിക്കൊണ്ട് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് സി. വി ജമീല ഷാഹീൻ ബാഗിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രബോധനം ആഴ്ചപ്പതിപ്പ് സബ് എഡിറ്റർ സദറുദ്ദീൻ വാഴക്കാട്, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ. സി ആയിഷ, ജി എെ ഒ സംസ്ഥാന പ്രസിഡന്റ് അഫീദ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിപ്ലവ ഗാനങ്ങൾ, സംഗീത ശിൽപം, സംഘഗാനം എന്നിവ അരങ്ങേറി. മാവൂർറോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് സമീപമാണ് സമരചത്വരം.