Feeder OrganisationState News

ഉജ്ജ്വല സമരാവേശവുമായി കോഴിക്കോട് ഷഹീൻ ബാഗ് ആറാം ദിനം കടന്നു

കോഴിക്കോട്: ഉജ്ജ്വല സമരാവേശവുമായി ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗത്തിന്റെയും ജിഐഓ കേരള ഘടകത്തിന്റെയും കീഴിൽ കോഴിക്കോട് നടന്നു വരുന്ന ഷഹീൻ ബാഗ് ആറാം ദിനം കടന്നു. സ്വാമി അഗ്നിവേശ്, വുമൻസ് ലീഗ് നാഷണൽ പ്രസിഡന്റ് തശ് രീഫ് ജഹാൻ, ഇന്ത്യൻ യൂണിയൻ വിമൻസ് വിങ്ങ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.നൂർബീന റഷീദ്, വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് കുൽസു ടീച്ചർ, ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് സഫിയ അലി തുടങ്ങി നിരവധി പ്രമുഖർ പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

നമ്മൾ ഇന്ത്യൻജനത എന്ന മഹത്തായ വാചകം കൊണ്ട് തുടങ്ങുന്ന നമ്മുടെ ഭരണഘടന ലോകത്ത് വെച്ച്തന്നെ ഏറ്റവും മഹത്തരമാണ്. ആ ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സഹോദരിമാർ എല്ലാ പരിമിതികളും മാറ്റി വെച്ച് സമര രംഗത്ത് സജീവമായിരിക്കുന്നത്. അടുക്കള മാത്രമല്ല, സമരങ്ങൾ അനായാസം കൈകാര്യം ചെയ്യാനും കഴിയുമെന്നും അവർ തെളിയിച്ചിരിക്കുകയാണെന്നും സ്വാമി അഗ്നിവേശ് ചൂണ്ടികാട്ടി. ഷഹീൻ ബാഗിലെ കുട്ടികളോടൊപ്പം മുദ്രയാവാക്യങ്ങൾ മുഴക്കിയ ശേഷമാണ് അദ്ദേഹം വേദി വിട്ടത്.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ ശ്രദ്ധയില്ലാത്ത ഭരണകൂടം മനുഷ്യനെ ജാതിയുടേയും മതത്തിന്റേയും അസ്ഥാനത്തിൽ ജനങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കി ഇന്ത്യൻ ജനതയെ ഭിന്നിപ്പുണ്ടാക്കുവാനുള്ള ഗൂഢശ്രമമാണ് നടത്തുന്നതെന്ന് തശ് രീഫ് ജഹാൻ പറഞ്ഞു.
മഹത്തായ ഒരു സാഹോദര്യ സംസ്കാരത്തെ തച്ചുതകർക്കാനാണ് ഈ ഭരണകൂടം ശ്രമിക്കുന്നതെന്ന് അഡ്വ. കുൽസു ടീച്ചർ പറഞ്ഞു. സംഘ് രാഷ്ട്രീയം മനുഷ്യരെ ഭിന്നിപ്പിച്ച് പരസ്പര ശത്രുക്കളാക്കി ഇന്ത്യാ രാജ്യത്തെ വർഗ്ഗീയ രാജ്യമാക്കി മാറ്റുവാനുള്ള ഗൂഢതന്ത്രമാണ് അവരിവിടെ പയറ്റുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ജമാഅത്തെ ഇസ്ലാമി കേരള വനിതാ വിഭാഗം സെക്രട്ടറി അസൂറ അലി ആമുഖ പ്രഭാഷണത്തോടെ ആരംഭിച്ച ആറാം ദിനത്തിൽ പ്രാഭാഷണങ്ങളോടൊപ്പം കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാ ആവിഷ്കാരങ്ങളും അരങ്ങേറി.

Comment here