National NewsPress ReleaseState News

രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില ആശങ്കാജനകം; സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌

ന്യൂഡൽഹി: ഡൽഹിയിലും മറ്റ് നഗരങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ നടക്കുന്ന പൊലീസ് ക്രൂരതയിലും ക്രമസമാധാനം വഷളാകുന്നതിലും ജമാഅത്തെ ഇസ്‌ലാമി ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് സ്ഥിരമായി ക്രമസമാധാനം വഷളാവുകയാണ്. ഡൽഹിയുടെ വടക്ക് കിഴക്കൻ പ്രവിശ്യയായ മൗജ്പൂറിൽ നടന്ന സംഘർഷത്തിൽ സി.എ.എ അനുകൂലികൾ സമരക്കാർക്ക് നേരെ അക്രമം അഴിച്ചുവിടുന്നതിന്റെയും പോലീസ് മൗനം പാലിക്കുന്നതിന്റെയും തെളിവുകൾ കൈവശമുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീർ എഞ്ചിനീയർ മുഹമ്മദ് സലിം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ രാത്രി ഹൗസ് റാണിയിൽ സമാധാനപരമായി മർച്ച് നടത്തിയ സമരക്കാർക്ക് നേരെ പോലീസ് നടത്തിയ അതി ക്രൂരമായ ലത്തിച്ചാർജിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഗുരുതരമായ പരിക്കുകൾ പറ്റിയതിന്റെയും റിപ്പോർട്ടുകളുണ്ട്. നിരവധി പ്രതിഷേധക്കാർ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്.

“ചാന്ദ് ബാഗിലെയും ജഫ്റാബാദിലെയും സി.എ.എ വിരുദ്ധ സമരക്കാരെ മൂന്ന് ദിവസത്തിനകം ഒഴിപ്പിച്ചില്ലെങ്കിൽ ജനങ്ങൾ അനുസരിക്കില്ല” എന്ന് ബി.ജെ.പി നേതാവ് പൊലീസ് ഉദ്യോഗസ്ഥന് നൽകിയ അന്ത്യശാസനത്തെയും ജമാഅത്തെ ഇസ്‌ലാമി അപലപിക്കുകയാണ്. ഇത് കലാപത്തിനുള്ള തുറന്ന പ്രകോപനമാണ്. ഇതേ നേതാവ് തന്നെ നേരത്തെ രാജ്യദ്രോഹ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് ഡൽഹിയിൽ പ്രകടനം നടത്തിയിരുന്നു. അയാളുടെ ഏറ്റവും അവസാനത്തെ പ്രകോപനം ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ സാനിധ്യത്തിലായിട്ടും ദൗർഭാഗ്യവശാൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സി.എ.എ വിരുദ്ധ സമരക്കാർ ഉൾപ്പെടെയുള്ള എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സർക്കരിനോടും ഡൽഹി പൊലീസിനോടും ഞങ്ങൾ ആവശ്യപ്പെടുകയാണ്. പോലീസ് അനീതി കാണിക്കുകയോ കലാപാഹ്വാനത്തിന് നിയമം കയ്യിലെടുക്കാൻ ഒരു പൗരനെയും അനുവദിക്കുകയോ ചെയ്യരുത്. വിസമ്മതിക്കാനും നീതി രഹിത നിയമത്തിനെതിരെ പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. നിയന്ത്രണം വിട്ട് പോകുന്നതിന് മുമ്പ് സാഹചര്യം സാധാരണ നിലയിലാകണം. അധികാരികളുടെ ഉദാസീനതക്ക് രാഷ്ട്രം വലിയ വില നൽകേണ്ടി വരും.

Comment here