National NewsState News

ഡല്‍ഹിയില്‍ നടന്നത് ആസൂത്രിത വംശഹത്യ- ജമാഅത്തെ ഇസ്‌ലാമി

മുന്‍കൂട്ടി പരിശീലനമടക്കം നനല്‍കിയതിനു ശേഷം ആസൂത്രിതമായി നടന്നതാണ് ഡല്‍ഹിയിലെ വംശഹത്യയെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി. പൗരന്‍മാര്‍ക്ക് പ്രതിഷേധിക്കാനുളള അവസരം ഭരണഘടന നല്‍കുന്നുണ്ടെന്നും ഗവണ്‍മെന്റിനെതിരെ നടന്ന സമരത്തെ ഒരു വിഭാഗം ജനങ്ങള്‍ ആക്രമണമഴിച്ചു വിട്ട് ഹിന്ദു-മുസ്‌ലിം വര്‍ഗീയ കലാപമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും ഹുസൈനി ചൂണ്ടിക്കാട്ടി.

സി.എ.എ വിരുദ്ധ സമരം ഏതെങ്കിലും മതത്തിന് എതിരെ ആയിരുന്നില്ല മറിച്ച് സര്‍ക്കാറിന്റെ നിയമത്തിനെതിരെ ആയിരുന്നു. എന്നാല്‍ ഗവണ്‍മെന്റും ജനങ്ങളും തമ്മിലല്ല ഡല്‍ഹിയില്‍ ഏറ്റുമുട്ടലുണ്ടായത്. മതാടിസ്ഥാനത്തില്‍ മറ്റൊരു വിഭാഗം സംഘടിച്ചെത്തി സി.എ.എ സമരത്തിന്റെ പേരില്‍ നഗരത്തിലുടനീളം ആസൂത്രിതമായി വംശഹത്യ അഴിച്ചുവിടുകയുമായിരുന്നുവെന്ന് ജമാഅത്ത് അമീര്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി പറഞ്ഞു. ഒന്നും രണ്ടുമല്ല നിരവധി മസ്ജിദുകളാണ് ഡല്‍ഹിയില്‍ തകര്‍ക്കപ്പെട്ടത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ മേഖലയില്‍ സന്ദര്‍ശനം നടത്തിയാല്‍ അവര്‍ക്ക് ഇക്കാര്യം വ്യക്തമാകും. തകര്‍ത്ത മസ്ജിദുകളും വീടുകളും കടകളും പുനര്‍നിര്‍മ്മിക്കാനായി സംഘടന സ്വന്തം നിലയില്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി ഹുസൈനി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ഇതുവരെ കലാപബാധിതര്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. ദുരന്തത്തിനിരയായ വ്യക്തികള്‍ക്ക് 100 കോടിയും ദുരന്തത്തില്‍ നഷ്ടപ്പെട്ട സ്വത്തു വകകള്‍ക്ക് 1000 കോടിയും പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും ഉടന്‍ പ്രഖ്യാപിക്കണമെന്ന് ജമാഅത്ത് അമീര്‍ ആവശ്യപ്പെട്ടു.

Comment here