Ameer UpdatesState News

ആരോഗ്യ സ്ഥാപനങ്ങളും വളണ്ടിയർമാരെയും വിട്ടുനൽകും -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ നടപടികൾക്കായി സർക്കാറുമായും ആരോഗ്യ വകുപ്പുമായും സഹകരിച്ച് മുന്നോട്ടു പോകണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ എം.ഐ അബ്ദുൽ അസീസ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇതിനായി ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരുടെ മുൻകയ്യിൽ പ്രവർത്തിക്കുന്ന ആശുപത്രികളുടെയും ആരോഗ്യ കേന്ദ്രങ്ങളുടെയും സേവനം ലഭ്യമാക്കും. പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സന്നദ്ധ പ്രവർത്തകരേയും സർക്കാറിന് വിട്ടുനൽകും. സർക്കാറും ആരോഗ്യ പ്രവർത്തകരും സമൂഹവും ഒന്നിച്ചുനീങ്ങേണ്ട ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. കൊറോണ വൈറസ് ബാധ മൂന്നാംഘട്ടത്തിലേക്ക് കടക്കാതിരിക്കാൻ കേരളം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രതിരോധ നടപടികൾ കാര്യക്ഷമമായി തന്നെ മുന്നോട്ട് നീങ്ങുന്നുണ്ട്.

അതേസമയം, സാമൂഹ്യ, സാമ്പത്തിക, തൊഴിൽ മേഖലകൾ കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പൊതുഗതാഗതവും കടകമ്പോളങ്ങളും നിശ്ചലമായതിനെ തുടർന്ന് ദിവസക്കൂലിക്കാരായ കുടുംബങ്ങൾ പ്രയാസം നേരിടുന്നുണ്ട്. ഇക്കാര്യം സർക്കാറിനൊപ്പം സന്നദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും ശ്രദ്ധയിലുണ്ടായിരിക്കണം. സാമൂഹ്യമായ അകലം പാലിക്കുന്നതിനുള്ള നിർദേശങ്ങൾ കർശനമായി പാലിക്കുന്നതോടൊപ്പം കേരളത്തിലെ ആയിരക്കണക്കിന് പാലിയേറ്റീവ് കെയറുകളുടെ സേവനം ലഭ്യമായിരുന്ന രോഗികളും, ഭിന്നശേഷിക്കാരും വാർധക്യം ബാധിച്ചവരും ഒറ്റപ്പെട്ടുപോകരുതെന്നും എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.

Comment here