State News

ലോക് ഡൗണിന്റെ മറവിലുള്ള വിദ്യാർഥി വേട്ട അവസാനിപ്പിക്കണം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ലോകം മുഴുവൻ കോവിഡിന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കേ രാജ്യ തലസ്ഥാനത്ത് പോലിസും കേന്ദ്ര ആഭ്യന്തര വകുപ്പും വിദ്യാർഥികൾക്കെതിരെ നടത്തുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആവശ്യപ്പെട്ടു. മുസ്‌ലിംകൾക്കെതിരെ ഡൽഹിയിൽ നടന്ന വംശഹത്യാ കലാപത്തിന് നേതൃത്വം നൽകിയവരെ സംബന്ധിച്ച തെളിവുകൾ സോഷ്യൽ മീഡിയയിലടക്കം പരസ്യമായിരിക്കെയാണ് യഥാർഥ കുറ്റവാളികളെ പിടികൂടുന്നതിന് പകരം പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെ ജനാധിപത്യ രീതിയിൽ സമരം നയിച്ചവരെ പോലീസും ആഭ്യന്തര വകുപ്പും വേട്ടയാടുന്നത്. ഡോ. ഉമർ ഖാലിദ്, മീരാൻ ഹൈദർ, സഫൂറ സർഗാർ എന്നീ വിദ്യാർഥികളെ അറസ്റ്റ് ചെയ്തതും യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തിയതും മനുഷ്യാവകാശ വിരുദ്ധവും അപലപനീയവുമാണ്. രാജ്യം മുഴുവനും ലോക് ഡൗണിലായിരിക്കെ ജനകീയ പ്രതിഷേധം ഉയർന്നുവരില്ലെന്ന ഉറപ്പിലാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ന്യൂനപക്ഷ വേട്ട നടത്തുന്നത്. ഇത് അങ്ങേയറ്റം പരിഹാസ്യമാണ്. കോവിഡിന്റെ പശ്ചാതലത്തിലുള്ള നിയന്ത്രണങ്ങളുടെ മറവിൽ തങ്ങളുടെ വംശീയ വിദ്വേഷ അജണ്ട നടപ്പാക്കാനുള്ള നീചമായ ശ്രമമാണ് സർക്കാറിൻ്റേത്. അടിയന്തിര സാഹചര്യങ്ങളുടെ ഘട്ടത്തിൽ രാജ്യങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബേഷ് ലേറ്റ് ജേറിയ ചൂണ്ടിക്കാട്ടിയത് സർക്കാർ മുഖവിലക്കെടുക്കണം. കോവിഡ് വൈറസ് ആക്രമിക്കുന്നത് മതവും ജാതിയും ഭാഷയും വംശവും നോക്കിയല്ലെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി രാജ്യത്ത് മത,ജാതി,വിദ്വേഷ നടപടികൾക്ക് കാർമികത്വം വഹിക്കുകയാണെന്നും ഡൽഹിയിലും മഹാരാഷ്ട്രയിലുമെല്ലാം നടന്നുവരുന്ന മുസ്‌ലിംവിരുദ്ധ നടപടികൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും അബ്ദുൽ അസീസ് അഭിപ്രായപ്പട്ടു.

#StopTargetingJMI #stopislamophobia #releaseallpoliticalprisoners #stopwitchhunting

Comment here