കോഴിക്കോട്: കോടതി വിധിയുടെ മറവിൽ രാമക്ഷേത്ര നിർമാണത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ബി.ജെ.പി ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയടക്കം മറ്റു സംഘ്പരിവാർ നേതാക്കളും രാമക്ഷേത്ര നിർമാണ അജണ്ട ഏറ്റെടുക്കുകയും രാജ്യം നേരിടുന്ന അനേകം പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാനാവാത്തതാണ്.ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതി കണ്ടെത്തിയ തെളിവുകളെയും ചരിത്ര വസ്തുതകളെയും റദ്ദ് ചെയ്യുന്ന സ്വഭാവത്തിലുള്ള കോടതിവിധി വന്നിട്ടുപോലും അത് മാനിക്കുന്നൂവെന്ന് മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രസ്താവിച്ചതാണ്. എന്നാൽ, രാമക്ഷേത്ര നിർമാണം സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പ്രചാരണത്തിനുവേണ്ടി ഉപയോഗിക്കുന്നത് അപകടകരമാണ്.ഇതിൽ പ്രതിഷേധിച്ച് മുഴുവൻ ജനാധിപത്യവാദികളും ആഗസ്റ്റ് അഞ്ച് ദു:ഖദിനമായി ആചരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ആഗസ്റ്റ് അഞ്ച് ദു:ഖദിനമായി ആചരിക്കും- ജമാഅത്തെ ഇസ്ലാമി
