Ameer UpdatesState News

ദൈവത്തിന് മാത്രം വിധേയപ്പെടാനുള്ള സന്ദേശമാണ് ബലിപെരുന്നാള്‍- ജമാഅത്തെ ഇസ്‌ലാമി

MI ABDUL AZEEZ

കോഴിക്കോട്: മനുഷ്യസമൂഹത്തിന്റെ സര്‍വതോന്‍മുഖമായ നന്മക്കുവേണ്ടി ദൈവത്തിന് സമ്പൂര്‍ണമായി വിധേയപ്പെട്ട് ജീവിക്കണമെന്നാണ് ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് (MI Abdul Azeez) പറഞ്ഞു. പ്രവാചകനായ ഇബ്‌റാഹീം (അ)ന്റെയും കുടുംബത്തിന്റെയും ത്യാഗപൂര്‍ണമായ ജീവിതമാണ് ഈദുല്‍ അദ്ഹായില്‍ അനുസ്മരിക്കപ്പെടുന്നത്. ജീവിക്കുന്ന ഭൂമിയുടെയും വരുംതലമുറയുടെയും സ്വൈരജീവിതം സാധ്യമാക്കുന്നതിന് ഇബ്‌റാഹിമും കുടുംബവും ജീവിതത്തിലെ പ്രിയപ്പെട്ട എല്ലാറ്റിനേയും ത്യജിച്ചു. രാഷ്ട്രീയവും ഭൂമിശാസ്ത്രപരവും സാമുദായികവും വര്‍ഗീയവും ജാതീയവും ലിംഗപരവുമായ എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യസമൂഹത്തെ ഒന്നായി കാണാനാണ് ഇബ്‌റാഹീം നബി ആഹ്വാനം ചെയ്തത്. ജനങ്ങളെ അടക്കി ഭരിക്കുന്ന മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെ പൊരുതുന്ന വിമോചന സംഘങ്ങള്‍ക്ക് ആവേശം നല്‍കുന്നതാണ് ഇബ്‌റാഹീം കുടുംബത്തിന്റെ ജീവിതം. ശാന്തവും സമാധാനപൂര്‍ണവും നന്മയുമുള്ള ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക് ഇബ്‌റാഹിമിന്റെ ജീവിതം പ്രചോദകമാണ്.

എല്ലാവര്‍ക്കും ബലിപെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറിയ എം.ഐ അബ്ദുല്‍ അസീസ് (MI Abdul Azeez) പ്രാര്‍ഥനകള്‍ക്ക് വലിയ പ്രധാന്യമുള്ള ആഘോഷവസരങ്ങളില്‍ ലോകത്തെ പ്രയാസപ്പെടുത്തുന്ന മഹാമാരിയില്‍ നിന്നും രക്ഷപ്പെടാന്‍ ദൈവത്തോട് പ്രാര്‍ഥിക്കാനും ദുരിതമനുഭവിക്കുന്ന എല്ലാവരെയും ചേര്‍ത്തുപിടിക്കാനും ഓര്‍മിപ്പിച്ചു.

Comment here