കോഴിക്കോട്: ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിലും വെള്ളക്കിണറിലും നടന്ന കൊലപാതകങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അങ്ങേയറ്റം മനുഷ്യത്വഹീനവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുല്‍ അസീസ് പറഞ്ഞു. പ്രദേശത്ത് സമാധാനവും ജനങ്ങളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ പോലിസും ഭരണകൂടവും അടിയന്തിരമായ മുന്‍കരുതലുകളെടുക്കണം. കൊലപാതകങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ വൈര്യവും വൈകാരികതയും വളര്‍ത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെടുന്നതിനും തടയിടണം. നിയമം കയ്യിലെടുക്കുന്ന വിധത്തിലുള്ള കുറ്റകൃത്യങ്ങളെ പിന്തുണക്കുന്ന മനോഭാവം ഒഴിവാക്കേണ്ടതാണ്.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തെ കലുഷമാക്കാന്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ സഹായകമാവൂ. രാഷ്ട്രീയ പ്രവര്‍ത്തനം അക്രമത്തിലേക്കും വിധ്വംസക പ്രവര്‍ത്തനത്തിലേക്കും നീങ്ങാന്‍ പാടില്ലാത്തതാണ്. മനുഷ്യജീവന് വിലകല്പ്പിക്കാത്തവര്ക്ക് മാത്രമേ കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങളിലേര്പ്പെടാനാവൂ. ഉദ്യോഗസ്ഥരുമായും ഭരണകൂടവുമായും കുറ്റകൃത്യത്തിലേര്പ്പെടുന്നവര്ക്കുണ്ടാകുന്ന അവിശുദ്ധ ബന്ധമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവാന്‍ കാരണം. കുറ്റവാളികളെ ഉടനെ അറസ്റ്റ് ചെയ്യുകയും നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം. രാഷ്ട്രീയ നീക്കുപോക്കുകളും ധാരണകളും കേസന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ സർക്കാറും ആഭ്യന്തര വകുപ്പും പ്രത്യേകം ഇടപെടണമെന്നും എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു.
ആലപ്പുഴ കൊലപാതകങ്ങള്‍ മനുഷ്യത്വഹീനം- എം.ഐ. അബ്ദുൽ അസീസ്

Related tags :