ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാർഹം- എം.ഐ അബ്ദുൽ അസീസ്

കോഴിക്കോട്: ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച സ്‌കോളര്‍ഷിപ്പിന്റെ അനുപാതം പുന:ക്രമീകരിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗങ്ങൾക്കും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കണം. എന്നാല്‍, മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കവസ്ഥ സംബന്ധിച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പരിഹാര നടപടികളാണ് റദ്ദു ചെയ്യപ്പെട്ടിരിക്കുന്നത്. പാലോളി കമ്മിറ്റി നിർദേശപ്രകാരമാണ് മുസ്‌ലിം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിച്ചത്. മറ്റിതര സമുദായങ്ങൾക്കും പഠനത്തിന്റെ അടിസ്ഥാനത്തിൽ ശാക്തീകരണ നടപടികൾ സ്വീകരിക്കാവുന്നതേയുള്ളൂ. മുൻകാലങ്ങളിൽ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പിന്നാക്ക സമൂഹങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. ഇതിനു പകരം വർഗീയ ധ്രുവീകരണ പ്രചാരണങ്ങൾക്ക് വിധേയപ്പെടുകയും സ്കോളർഷിപ്പ് അനുവദിച്ച പശ്ചാത്തലം മറച്ചുപിടിക്കുകയുമാണ് പുതിയ നീക്കത്തിലൂടെ സർക്കാർ ചെയ്തത്. സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമത്തിന് സമഗ്രമായ നിയമനിർമാണം നടത്താൻ സന്നദ്ധമാവുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.