National NewsState News

ഡൽഹി വംശഹത്യ: അടിയന്തിര സഹായമെത്തിക്കുക -സആദത്തുല്ല ഹുസൈനി

സംഘ്പരിവാർ പ്രവർത്തകർ അഴിഞ്ഞാടിയ വടക്കുകിഴക്കൻ ഡൽഹിയിൽ ജനങ്ങൾ ദുരിതജീവിതത്തിലും ഭീതിയിലുമാണെന്ന് ജമാഅത്തെ ഇസ്ലാമി അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി. എത്രയും പെട്ടെന്ന് മേഖലയിൽ അടിയന്തിര സഹായമെത്തിക്കണമെന്നും കലാപം കൃത്യമായ ആസൂത്രണത്തോടും ലക്ഷ്യത്തോടും കൂടി മുസ്ലിം സമുദായത്തിന്റെ കച്ചവട സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഉന്നം വെച്ച് നടത്തിയതാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കലാപമേഖലകൾ ജമാഅത്ത് അമീറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു. ഗോകുൽപൂരി ടയർ മാർക്കറ്റ് പൂര്‍ണമായി കത്തിച്ചിരിക്കുന്നു. ഇരുനൂറിലധികം കടകള്‍ ചാരമായി. തീവെപ്പിന് ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചിരിക്കുന്നു. വാഹനങ്ങളും വീടുകളും തിരഞ്ഞു പിടിച്ചു ആക്രമിച്ചു. പോലീസിന്റെ സമീപനം ഭയപ്പെടുത്തുന്നതായിരുന്നു. കലാപം നടന്ന പല സ്ഥലങ്ങളിലും അവര്‍ കലാപകാരികള്‍ക്ക് സഹായകമായ നിലപാടാണ് സ്വീകരിച്ചതെന്നും ഹുസൈനി ചൂണ്ടിക്കാട്ടി. പോലിസിനെ ഭയപ്പെട്ട് പുറത്തിറങ്ങാത്തതിനാൽ വൈദ്യ സഹായം ലഭ്യമാവാത്തവർ ഇപ്പോഴുമുണ്ട്.
കലാപത്തിന്റെ ആദ്യദിവസം മുതല്‍ തന്നെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും അത്യാവശ്യ സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തിരുന്നു.
കലാപത്തില്‍ പരിക്ക് പറ്റിയവർ ചികിൽസ തേടിയ മുസാഫാബാദ് ആശുപത്രി, കലാപം വലിയ നാശനഷ്ടം വിതച്ച ശിവവിഹാർ, ദുരിതാശ്വാസ ക്യാമ്പുകൾ എന്നിവ സന്ദർശിച്ച അമീർ കലാപബാധിതരുമായി ആശയവിനിമയം നടത്തി. ഒരേ വീട്ടിൽ നിരവധി കുടുംബങ്ങള്‍ താമസിക്കേണ്ട സാഹചര്യമാണുള്ളത്. പെട്ടെന്ന് തന്നെ അവരെ പുനരധിവസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുസാഫാബാദിൽ സംഘടിപ്പിച്ച സമാധാന മാര്‍ച്ചിൽ പങ്കെടുത്ത സ്ഥലം ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ഡോ.സഫറുൽ ഇസ്‌ലാം ഖാൻ കാണുകയും സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

പല സ്ഥലത്തും മുസ്ലിംകളും ഹിന്ദുക്കളും പരസ്പരം സഹായിച്ചു എന്നത് ശുഭകരമായ കാര്യമാണ് .
ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി മുഹമ്മദ് അഹമ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ റിലീഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാന്‍ ഒരു കഡ്രോൾ സെൻ്റർ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മെഡിക്കല്‍ സഹായം, കലാപത്തിലുണ്ടായ നഷ്ടങ്ങള്‍ പഠിക്കാന്‍ പ്രാദേശിക സര്‍വേ, സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ സമർപ്പിക്കുന്നതിന് ഹെൽപ് ഡസ്ക്, കൗൺസിലിങ്, താല്‍ക്കാലിക ആശുപത്രി നിര്‍മാണം, എഫ്.ഐ.ആർ രജിസ്ട്രർ ചെയ്യുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കൽ എന്നിവയാണ് അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍. റിലീഫ് പ്രവർത്തനങ്ങളിൽ
സ്തീകളും സജീവമാണ്.