ഓണവും പെരുന്നാളും:  കരുത്തുറ്റ സാഹോദര്യത്തിനുള്ള ആഹ്വാനം

കോഴിക്കോട്: മത,ജാതി,ദേശ വ്യത്യാസങ്ങള്‍ക്കതീതമായി മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കാനുള്ള ആഹ്വാനമാണ് ബലിപെരുന്നാളും ഓണവുമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍ അസീസ് പറഞ്ഞു. സ്രഷ്ടാവായ ദൈവത്തിന്റെ കല്‍പനകള്‍ക്ക് പൂര്‍ണമായും വിധേയമായ ഇബ്‌റാഹീമിന്റെയും കുടുംബത്തിന്റെയും സ്മരണകളാണ് ഈദുല്‍ അദ്ഹായില്‍ അനുസ്മരിക്കപ്പെടുന്നത്. ജീവിതത്തിലെ പ്രിയപ്പെട്ടതെല്ലാം ദൈവത്തിനു വേണ്ടി ഇബ്‌റാഹീമും കുടുംബവും ത്യജിച്ചു. ഒപ്പം, സുഭിക്ഷവും സമാധാനപൂര്‍ണവുമായ ലോകം പണിയാന്‍ പരിശ്രമിക്കുകയും ചെയ്തു. അന്യായം പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തെ ചോദ്യം ചെയ്തു. വിശ്വ സാഹോദര്യത്തിലും മാനവികതയിലുമൂന്നിയ സമൂഹ സൃഷ്ടിക്കായി സമരം ചെയ്യുന്നവരുടെ മാതൃകാ പുരുഷനാണ് ഇബ്‌റാഹിം.
നന്മയിലും നീതിയിലധിഷ്ഠിതവുമായ ലോകത്തെ കുറിച്ച സ്വപ്നം  ഓണവും പങ്കുവെക്കുന്നുണ്ട്. സാമുദായിക സ്പര്‍ധയും വര്‍ഗീയ ദ്രുവീകരണവും ശക്തിപ്പെടുത്താന്‍ ആസൂത്രിത ശ്രമം നടക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമിടയില്‍ പരസ്പര സ്‌നേഹവും സാഹേദര്യവും ഊട്ടിയുറപ്പിക്കാനുള്ള അവസരമായി ആഘോഷാവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും എം ഐ അബ്ദുല്‍ അസീസ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.