വൃത്തിയാണ് സൗന്ദര്യം; മദ്രസാ തല കാമ്പയിന് തുടക്കമായി

മനാമ: 'വൃത്തിയാണ് സൗന്ദര്യം' എന്ന തലക്കെട്ടില്‍ മദ്‌റകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന കാമ്പയിന് കഴിഞ്ഞ ദിവസം തുടക്കമായി. ദാറുല്‍ ഈമാന്‍ മനാമ മദ്‌റസയില്‍ ആലപ്പുഴ മര്‍കസ് മസ്ജിദ് ഖത്തീബ് ഇബ്‌റാഹീം കുട്ടി മൗലവി കാമ്പയിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നമ്മുടെ വീടും പരിസരവും ജീവിക്കുന്ന നാടുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ ശീലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം കുട്ടികളോട് ഉണര്‍ത്തി. ശരീരം, വസ്ത്രം എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്ന നാം മനസ്സും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഹ്‌സാന്‍ ഉസ്മാന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയില്‍ മദ്‌റസ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ എ.എം ഷാനവാസ് സ്വാഗതം ആശംസിക്കുകയും മദ്രസ രക്ഷാധികാരി ജമാല്‍ നദ്‌വി ആശംസ നേരുകയും ചെയ്തു.