യൂത്ത്ഫോറം ഹെല്‍ത്ത് ടോക്ക് സംഘടിപ്പിച്ചു.

യൂത്ത്ഫോറം സംഘടിപ്പിക്കുന്ന 'ലോസ് റ്റു ലിവ്' വെയിറ്റ് ലോസിങ്ങ് കോമ്പറ്റീഷന്റെ ഭാഗമായി ഹെല്‍ത്ത് ടോക്ക് സംഘടിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഹ്രുദ്രോഗ വിഭാഗത്തിലെ സീനിയര്‍ ഡയറ്റീഷന്‍ ആയിഷ പൂക്കുഞ്ഞ്, ഫിസിയോ തെറാപിസ്റ്റ് മുഹമ്മദ് അലീഫ് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേത്രുത്വം നല്‍കി.   നാം കഴിക്കുന്ന ഭക്ഷണങ്ങളാണ്‌ നമ്മുടെ ആരോഗ്യത്തെ രൂപപ്പെടുത്തുന്നതെന്നും എന്നാല്‍ ആഹാര ക്രമത്തിലെ വീഴ്ചകളാണ്‌ രോഗങ്ങള്‍ക്ക് അടിമപ്പെടുത്തുന്നതെന്നും അതിനാല്‍ തന്നെ ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ഹെല്‍ത്ത് ടോക്കില്‍ പ്രഭാഷണം നടത്തിയവര്‍ പറഞ്ഞു. 
പ്രകൃതിദത്ത രോഗപ്രതിരോധവും ആരോഗ്യവും ആഗ്രഹിക്കുന്നവര്‍ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപദാര്‍ത്ഥങ്ങളും ജീവിതചര്യകളും ഉപേക്ഷിക്കണം. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാതെയുള്ള ജോലിയും, ജോലിയുടെ ഭാഗമായുള്ള മാനസിക പിരിമുറുക്കവും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഒരാളുടെ ആയുസ്സും ആരോഗ്യവും തീരുമാനിക്കപ്പെടുന്നത് ജീവിതചര്യയനുസരിച്ചാണ്. അതിനാല്‍ തന്നെ വ്യായാമം ജീവിത ചര്യയുടെ ഭാഗമാക്കണമെന്നും ഇരുവരും ഓര്‍മ്മിപ്പിച്ചു. 
യൂത്ത്ഫോറം കായിക വിഭാഗം സെക്രട്ടറി തസീന്‍ അമീന്‍ അദ്ധ്യക്ഷത വഹിച്ചു. കായിക വിഭാഗം സെന്റ്റല്‍ കോഡിനേറ്റര്‍ സഫീഖ്, വെയിറ്റ് ലോസ് കോമ്പറ്റീഷന്‍ കോഡിനേറ്റര്‍മാരായ ഷാഫി വടുതല, ഷറീന്‍ മുഹമ്മദ് , തന്‍വീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.