മുസ്‌ലിം വിമണ്‍സ് കൊളോക്വിയം:ഫെബ്രുവരി 25, 26 ന് കോഴിക്കോട്ട്

സമകാലിക ലോകത്ത് വിവിധ രീതികളില്‍ വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിലുള്ള മുസ്‌ലിം സ്ത്രീ ജിവിതങ്ങളെ കേന്ദ്രികരിച്ചു കൊണ്ട് ചര്‍ച്ചകളും പഠനങ്ങളും നടക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീയുടെ അവകാശങ്ങള്‍, സ്വത്വം, പ്രതിനിധാനം, കര്‍തൃത്വം തുടങ്ങിയ വ്യവഹാരങ്ങളില്‍ തുടങ്ങി ഇസ്‌ലാമിക പ്രമാണങ്ങളുടെ സ്ത്രീപക്ഷ വായനകളില്‍ വരെ ഇത്തരം ചര്‍ച്ചകളും പഠനങ്ങളും എത്തിനില്‍ക്കുന്നു. 
    സ്വന്തം സമുദായത്താലും  പുരുഷനാലും അടിച്ചമര്‍ത്തപ്പെട്ടവളും ഇരയാക്കപ്പെട്ടവളുമാണ് മുസ്‌ലിം സ്ത്രീ എന്ന മുഖ്യധാരാ വാര്‍പ്പ് മാതൃകകളിലും, അതല്ല സമുദായത്താല്‍ എല്ലാ സാഹചര്യത്തിലും വിമോചിപ്പിക്കപ്പെട്ടവളാണ് മുസ്‌ലിം സ്ത്രീ എന്ന കേവല ആദര്‍ശവാദങ്ങളിലും,  ഒതുങ്ങി നിന്നിരുന്ന ആഖ്യാനങ്ങളില്‍ നിന്നും അത്തരം ദ്വന്ദ്വ നിര്‍മ്മിതികളില്‍ നിന്നും  മാറി നടക്കുന്ന പഠനങ്ങള്‍ ഇപ്പോള്‍ ധാരാളമായി പുറത്തു വന്നു കൊണ്ടിരിക്കുന്നു.  
    മുസ്‌ലിം സ്ത്രീ പ്രശ്‌നത്തെ അതിന്റെ വ്യാവഹാരികമായ സൂക്ഷമതയോടു കുടി, സാമൂഹികചരിത്ര പശ്ചാതലങ്ങളുടെ പിന്‍ ബലത്തില്‍ സമീപിക്കാന്‍ തുടങ്ങിയത് വളരെയടുത്ത കാലത്തു  മാത്രമാണ്. കേവലമായ ഒരു അകാദമിക ചര്‍ച്ച  എന്നതിലുപരി  ഈ രൂപത്തിലുള്ള ഒരു മാറ്റം സൃഷ്ടിക്കുന്നതില്‍ ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ തുടക്കം മുതല്‍  ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുയര്‍ന്നു വന്ന മുസ്‌ലിം സ്ത്രീ പ്രസ്ഥാനങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
     ആധുനികത - പാരമ്പര്യം, മതം - മതേതരം, പൊതുസ്വകാര്യം - പുരോഗമനം - യാഥാസ്ഥികം തുടങ്ങിയ ദ്വന്ദങ്ങളിലുടെ മാത്രം കിഴക്കിനെയും അതിലുപരി ഇസ്‌ലാമിനെയും നോക്കി കണ്ടിരുന്ന പൌരസ്ത്യ ജ്ഞാന വ്യവഹാരങ്ങളുടെ പരിമിതികള്‍ തിരിച്ചറിഞ്ഞു കൊണ്ട് ഉയര്‍ന്നു വന്ന, ഉത്തരാധുനിക വായനകളും ഉത്തര ഘടനാവാദവും കോളനിയാനന്തര സാഹിത്യങ്ങളും മുസ്‌ലിം സ്ത്രീ ഇടപെടലുകളുടെ ഈ പുതിയ വായനയില്‍ ഏറെ സഹായിച്ചിട്ടുണ്ട്. ഈ അന്വേഷണങ്ങള്‍  മതം, വംശം, വര്‍ഗ്ഗം, ജാതി, ലിംഗം, ലൈംഗികത, ദേശം തുടങ്ങിയ  അധികാര ഘടനകളെ വിശകലനം ചെയ്തു കൊണ്ട് മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള ചര്‍ച്ചകളെ വളരെയധികം മുന്നോട്ടു കൊണ്ട് പോയിട്ടുണ്ട്.
    എന്നാല്‍ ഇത്തരം ജ്ഞാന നിര്‍മ്മിതികളെയെല്ലാം തൃണവത്കരിച്ചു കൊണ്ട് മുസ്‌ലിം സമുദായത്തിനെതിരെയുള്ള ഏറ്റവും 'പരിഷ്‌കൃതമായ'  ആയുധമായി മുസ്‌ലിം സ്ത്രീയുടെ 'ഇരസ്ഥാനത്തെ' ആര്‍ക്കും ഏറ്റെടുക്കാന്‍ സാധിക്കുന്ന സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ അസഹിഷ്ണുതയോടും ഇസ്‌ലാമോഫോബിയയോടും ഉള്ള പ്രതിരോധം എന്ന നിലയില്‍ മുസ്‌ലിം സ്ത്രീ പക്ഷത്തു നിന്ന് തന്നെയുള്ള ഇത്തരം ജ്ഞാനോത്പാദനങ്ങള്‍ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. 
    ഈയൊരു  പശ്ചാത്തലത്തിലാണ് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ)     കേരള,  'മുസ്‌ലിം സ്ത്രീ വ്യവഹാരങ്ങളെ' കേന്ദ്രമാക്കിക്കൊണ്ട് ഒരു കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.  കാലിക പ്രസക്തമായ മുസ്‌ലിം സ്ത്രീ വ്യവഹാരങ്ങള്‍, അവയുടെ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍, മുസ്‌ലിം സ്ത്രീ രാഷ്ട്രീയം, ജീവ ചരിത്രം, വ്യത്യസ്ത ദേശ, വര്‍ഗ്ഗ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സാഹചര്യങ്ങളില്‍ നിന്നുള്ള മുസ്‌ലിം സ്ത്രീ അനുഭവങ്ങള്‍, മുസ്‌ലിം സ്ത്രീ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയെയെല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനുള്ള ഒരു വേദിയാണ് ജി.ഐ.ഒ ഈ കോണ്‍ഫറന്‍സിലൂടെ  വിഭാവന ചെയ്യുന്നത്. സ്ത്രീകളുടെ ലിംഗ പദവിയെ സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന സമകാലിക ചര്‍ച്ചകളെ കുറിച്ചുള്ള ഒരു അപഗ്രഥനവും കോണ്‍ഫറന്‍സ് ലക്ഷ്യം വെക്കുന്നുണ്ട്.
    കോണ്‍ഫറന്‍സിനു മുന്നോടിയായി നിലനില്‍ക്കുന്ന വിവിധ സ്ത്രീ വ്യവഹാരങ്ങളെ പഠന വിധേയമാക്കി കൊണ്ട് 'ഇസ്തിഖിറാഅ' എന്ന തലക്കെട്ടില്‍ ജൂണ്‍ 26, 27, 28  തീയതികളില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ വെച്ചും ഓഗസ്റ്റ് 13, 14, 15 തീയതികളില്‍ ഫാറൂഖ് ഇര്‍ഷാദിയാ കോളേജില്‍ വെച്ചുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിനി പ്രതിനിധികളെ  പങ്കെടുപ്പിച്ചു കൊണ്ട് രണ്ടു വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. ഏരിയ, ജില്ലാ ഘടകങ്ങളെ കേന്ദ്രീകരിച്ച്   ഡിസംബര്‍, ജനുവരി മാസങ്ങളിലായി കോണ്‍ഫെറന്‍സിനോടനുബന്ധിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും ടേബിള്‍ ടോക്കുകളും നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.
    ഇത്തരം വ്യവഹാരങ്ങളില്‍ തല്പരരായ അക്കാദമികഅക്കാദമികേതര മേഖലയിലുള്ള ആര്‍ക്കും  ഈ വിജ്ഞാന സദസ്സിന്റെ ഭാഗമാകാവുന്നതാണ്. 2017 ഫെബ്രുവരി 25, 26 തിയ്യതികളില്‍ കോഴിക്കോട് വെച്ചാണ് കോണ്‍ഫറന്‍സ് നടത്താനുദ്ദേശിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 

Themes
1. Theology, hermeneutics
2. Epistemology and question of authority
3. Identity, Representation
4. Revisiting the political context: decolonial and critical approaches
5. Muslim women lives

പ്രബന്ധങ്ങളും ബന്ധപ്പെട്ട സംശയങ്ങളും അയക്കേണ്ട വിലാസം 

muslimwomenscolloquium@gmail.com

The convenor  Muslimwomens colloquium, GIO Kerala , Hira Centre, P.B. No: 833, Mavoor Road, Calicut - 673 004
Ph: 0495 - 2721655.