രാധിക വെമുലയുടെയും നജീബിന്റെ ഉമ്മയുടെയും ക്യുവിൽ എസ് ഐ ഒ മാത്രം -അലിഫ് ശുക്കൂർ

തീരൂർക്കാട്: ജനവിരുദ്ധത തന്നെ ഭരണകൂടത്തിന്റെ അടിസ്ഥാന നയമായി മാറിയപ്പോൾ രാജ്യമെങ്ങും ക്യുവുകളുടെ നീളം കൂടുകയാണ്. എന്നാൽ ഭരണ കൂടത്തിന്റെ ഹിന്ദുത്വ വംശീയ നിലപാടുകൾക്കെതിരെ ശബ്ദിക്കാൻ സ്റ്റുഡന്റസ് ഇസ്‌ലാമിക ഓർഗനൈസേഷൻ മാത്രമാണുള്ളതെന്നും രാധിക വെമുലയുടെയും നജീബിന്റെ ഉമ്മയുടെയും ക്യുവിൽ എസ് ഐ ഒ മാത്രമാണെന്നും എസ് ഐ ഒ ദേശീയ ജനറൽ സെക്രട്ടറി അലിഫ് ഷുക്കൂർ പ്രസ്താവിച്ചു. എസ് ഐ ഒ മലപ്പുറം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരൂർക്കാട് നടന്ന മേഖല സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഗോ രക്ഷയുടെയും ദേശീയതയുടെയും പേരിൽ ദളിതുകളെ അടിച്ചമർത്തുകയും മുസ്‌ലിംകളെ അപരവത്കരിക്കുകയുമാണ്.കേരളത്തിന് കാത്തിരുന്നു കിട്ടിയ ഇഫ്ലു കാമ്പസിനെ വഴിയാധാരമാക്കിയതും അറബിക് സർവകലാശാലയുടെ ഭാവി നഷ്ടപ്പെടുത്തിയതും കേന്ദ്ര-കേരള  സർക്കാരുകളുടെ അവിശുദ്ധ അജണ്ടകളാണ്. നാട്ടിൽ വർഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളിയപ്പോൾ നഷ്ടപ്പെട്ടത് കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ഭാഷ സർവകലാശാലയും നല്ലൊരു വിദ്യാഭ്യാസ ഭാവിയുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി അംഗം ടസെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ,എസ് ഐ ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള,  എസ് ഐ ഒ സംസ്ഥാന സെക്രട്ടറി തൗഫീഖ്‌ മമ്പാട്, ജി ഐ ഒ സംസ്ഥാന സെക്രട്ടറി ഫസ്‌ന മിയാൻ, ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡന്റ് ഹബീബ് ജഹാൻ എന്നിവർ സംസാരിച്ചു.എസ് ഐ ഒ ജില്ലാ പ്രസിഡന്റ് അജ്മൽ കെ.പി അധ്യക്ഷത വഹിച്ചു. തിരൂർക്കാട് ഇലാഹിയ കോളേജ് വിദ്യാർത്ഥികൾ സംഗീത ശില്പം അവതരിപ്പിച്ചു. യാസിർ വാണിയമ്പലം, യഹ്‌യ കടന്നമണ്ണ,റബാഹ് മേലാറ്റൂർ എന്നിവർ സമ്മേളന പ്രമേയങ്ങൾ അവതരിപ്പിച്ചു. സാലിഹ് കുന്നക്കാവ് സ്വാഗതവും മുസ്തബഷിർ ശർഖി നന്ദിയും പറഞ്ഞു. വൈകിട്ട് ടൗണിൽ നടന്ന വിദ്യാർത്ഥി റാലിയിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.