യു എ പി എ- കേരളാ പോലിസ് നടപടി:   മുഖ്യമന്ത്രി മൗനം വെടിയണം- സോളിഡാരിറ്റി

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി കുറ്റാരോപിതര്‍ക്കെതിരെ യു എ പി എ ചാര്‍ത്തുന്ന പോലിസ് നടപടിയെ സംബന്ധിച്ച് പോലിസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സംസ്ഥാനത്ത് യു എ പി എ കേസുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു. നിസാര കാരണങ്ങള്‍ പറഞ്ഞ് മനുഷ്യാവകാശ പ്രവര്‍ത്തകനായ രതീഷിനെതിരെയും നദീമിനെതിരെയും കഴിഞ്ഞ ദിവസങ്ങളില്‍ യു എ പി എ പ്രകാരം കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്.

യുഎപിഎ സര്‍ക്കാര്‍ നയമല്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും സംഘ്പരിവാറിനെതിരെ   പൊതുവേദിയില്‍ സാംസ്‌കാരിക പ്രഭാഷണം നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി പോലിസിനു മുന്നില്‍ നിസ്സഹായനാണെങ്കില്‍ അക്കാര്യം ജനങ്ങളോട് തുറന്ന് പറയാന്‍ സന്നദ്ധമാവണം. കേരളത്തിലിപ്പോള്‍ പോലിസ രാജാണ് നിലനില്‍ക്കുന്നത്.  സംഘ്പരിവാര്‍ തിരക്കഥയ്ക്കനുസരിച്ചാണ് പോലിസ് നടപടികള്‍ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്തെ സിനിമാ തിയേറ്ററുകളിലെ  പോലിസ് അതിക്രമം, ദേശീയതാ വിമര്‍ശനം നടത്തിയെന്നാരോപിച്ച് കമല്‍ സി  ചവറയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്, കൊല്ലപ്പെട്ട കുപ്പുദേവരാജിന്റെ സഹോദരനോടുള്ള ക്രൂരമായ നടപടി എന്നിവ ഈ സംശയത്തെ സാധൂകരിക്കുന്നു.  മുന്‍ധാരണയോട് കൂടിയാണ് പോലിസ് യുഎപിഎ ചാര്‍ത്തുന്നതിനെതിന്റെ തെളിവാണ് നാറാണത്ത് കേസിലെ ഹൈക്കോടതി വിധി വ്യക്തമാക്കുന്നതെന്നും സെക്രട്ടറിയറ്റ് ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡണ്ട് ടി ശാക്കിര്‍ അധ്യക്ഷത വഹിച്ചു. സാദിഖ് ഉളിയില്‍, സമദ് കുന്നക്കാവ്, മിര്‍സാദുര്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.