പാലക്കാട്: അബുല്‍ അഅലാ മൗദൂദി സമകാലിക ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മുഖ്യ ശില്‍പിയെന്ന്  ജമാഅത്തെ ഇസ്‌ലാമി സംവാദ സദസ്.

ഇരുപതാം നൂറ്റാണ്ടിലെ പ്രശ്‌ന സങ്കീര്‍ണമായ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹത്തെ പ്രത്യാശയുടെയും ആത്മബോധത്തിന്റെയും ലോകത്തേക്ക് നയിച്ച മഹാനായ നേതാവാണ് അദ്ദേഹം. ജീവിതത്തിന്റെ മുഴുമേഖലകളിലേക്കും വഴികാട്ടിയാണ് ഇസ് ലാമെ ന്നും  മുതലാളിത്തത്തെയും ദൈവ നിഷേധത്തെയും  കൃത്യമായി നിരൂപണം ചെയ്യുകയും ചെയ്ത പരിഷ്‌ക്കര്‍ത്താവാണ് മൗദൂദിയെന്നും സംവാദ സദസ് ചൂണ്ടിക്കാട്ടി.
'ഇസ്‌ലാം സന്തുലിതമാണ് ' എന്ന പ്രമേയത്തില്‍ ജനുവരി 22 ന് പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ്  ജില്ലാ കമ്മിറ്റി 'സയ്യിദ് മൗദൂദി : വിമര്‍ശനത്തിന്റെ മതവും രാഷ്ട്രീയവും' എന്ന തലക്കെട്ടില്‍ പരിപാടി സംഘടിപ്പിച്ചത്. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. യാതാസ്ഥിതികതയുടെ ഇരുളറകളില്‍ നിന്നും നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് ഇസ് ലാമിക ചിന്തയെ കൈപിടിച്ചുയര്‍ത്തിയ ധിഷണാശാലിയായ നവോത്ഥാന നായകനാണ് മൗദൂദിയെന്ന് അദ്ദേഹം പറഞ്ഞു. പത്രപ്രവര്‍ത്തകനും     ബഹുഭാഷാ പണ്ഡിതനുമായിരുന്ന അദ്ദേഹം  മാനവരാശിയുടെ പ്രശ്‌നങ്ങളെപ്പറ്റി ഉള്‍ക്കാഴ്ചയും ദീര്‍ഘദൃഷ്ടിയുമായിരുന്ന വ്യക്തിത്വമായിരുന്നെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ് വി  അധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ്  അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് നേതാക്കള്‍ വിശദീകരണം നല്‍കി. സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ. നിഷാദ് പുതുക്കോട് ചോദ്യോത്തര സെഷന്‍ നിയന്ത്രിച്ചു. ജില്ലാ വൈസ് പ്രസി. ബഷീര്‍ ഹസന്‍ നദ് വി സമാപന ഭാഷണം നിര്‍വഹിച്ചു. എ. മുഹമ്മദ് അലി, കളത്തില്‍ ഫാറൂഖ്, ബഷീര്‍ പുതുക്കോട്, ഉമര്‍ ആലത്തൂര്‍, ശുക്കൂര്‍ മൗലവി, സാബിര്‍ പുലാപ്പൊറ്റ എന്നിവര്‍ പങ്കടുത്തു. ശിഹാബ് ഖുര്‍ആനില്‍ നിന്ന്  അവതരിപ്പിച്ചു. ആലത്തൂര്‍ ഏരിയാ പ്രസി. എന്‍.വി.ഹൈദ്രു സ്വാഗതവും അബൂബക്കര്‍ ബിന്‍യാമിന്‍ നന്ദിയും പറഞ്ഞു.