ഭരണകൂട ഭീകരതക്കും തീവ്രവാദത്തിനുമെതിരെ വിദ്യാര്‍ഥികളും യുവജനങ്ങളും പ്രതിരോധം തീര്‍ക്കണം- വി ടി അബ്ദുല്ലക്കോയ തങ്ങള്‍

കാസര്‍കോട്: സാമ്രാജ്യത്തത്തിനും, ഫാഷിസത്തിനും, ഭരണകൂട ഭീകരതക്കും, തീവ്രവാദത്തിനും, സാമൂഹിക അസമത്വത്തിനും, എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും സാധിക്കണമെന്ന് ജമാഅത്തെ ഇസ് ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി ടി അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ് ഐ ഒ, ജി ഐ ഒ ജില്ലാ കമ്മറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച വിദ്യാര്‍ഥി യുവജന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്തുലിതമാണ് ഇസ് ലാം എന്ന പ്രമേയത്തില്‍ 2017 ഫെബ്രുവരി 19ന് പടന്നയില്‍ നടക്കുന്ന ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥി യുവജന സമ്മേളനം സംഘടിപ്പിച്ചത്. 

എസ് ഐ ഒ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച തഫവ്വുഖ് ഇസ്‌ലാമിക്ക് ക്യാന്പസ് ഫെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ നെല്ലിക്കട്ട അല്‍ നൂര്‍ അക്കാദമി വിദ്യാര്‍ഥികളായ അബ്ദുല്‍ ജവാദ്, സാജിദ്, ഹംദാന്‍, ഷിഹാബുദ്ദീന്‍ എന്നിവരെ അനുമോദിച്ചു. വിദ്യാര്‍ഥി യുവജന സമ്മേളനത്തിന്റെ ഭാഗമായി പ്ലസ്ടു കോളേജ് വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച പ്രബന്ധ രചന മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കാസര്‍കോട് ജില്ലയിലെ പ്രശ്നങ്ങള്‍ സര്‍ഗാത്മകമായി അവതരിപ്പിച്ച എന്താക്കാന് എന്ന ഡോക്യുമെന്ററി സംവിധായകന്‍ ജുബൈര്‍ ആദം ഷോട്ട് ഫിലിം സംവിധായകന്‍ ഷഹീര്‍ ഛേക്കും എസ് ഐ ഒയുടെ അനുമോദനങ്ങള്‍ നല്‍കി. 

ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് ടി ശാക്കിര്‍, എസ് ഐ  ഒ സംസ്ഥാന പ്രസിഡണ്ട് , ജി ഐ ഒ സംസ്ഥാന പ്രസിഡണ്ട് പി റുക്സാന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ് ലാമി ജില്ലാ സമ്മേളന ജനറല്‍ കണ്‍വീനര്‍ അഷ്റഫ് ബായാര്‍ സമാപന പ്രസംഗം നടത്തി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് സി എ യൂസുഫ് സ്വാഗതവും, എസ് ഐ  ഒ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍ നന്ദിയും പറഞ്ഞു