യൂത്ത് ഫോറം ഐക്യദാര്‍ഢ്യ വാരത്തിനു തുടക്കമായി

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധത്തിന്റെയും ആഭ്യന്തര കലാപങ്ങളുടെയും പേരില്‍ അഭയാര്‍ത്ഥികളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് 'നിലക്കട്ടെ ഈ നിലവിളികള്‍' എന്ന തലക്കെട്ടില്‍ യൂത്ത് ഫോറം ഹിലാല്‍ മേഖല  സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ വാരത്തിന്ന് തുടക്കമായി. 
മേഘലാ സമ്മേളനത്തില്‍ വെച്ച് യൂത്ത്‌ഫോറം സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട ഐക്യദാര്‍ഢ്യ വാരം ഉദ്ഘാടനം ചെയ്തു. എല്ലാ യുദ്ധങ്ങളും ബാക്കി വെക്കുന്നത് അനാധരായ കുഞ്ഞുങ്ങളെയും വിധവകളെയുമാണ്. യുദ്ധവും അഭയാര്‍ത്ഥികളും ഇല്ലാത്ത സമാധാനപൂര്‍ണ്ണമായ ഒരു ലോകക്രമമാണ് നാം സ്വപ്നം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള സംസ്‌കാരത്തെ തന്നെ ലോകത്തില്‍ നിന്നു തുടച്ചു മാറ്റാനുള്ള നീക്കമാണ് അഭയാര്‍ത്തികളെ സൃഷ്ടിക്കുന്നതിലൂടെ നടക്കുന്നത്. രാഷ്ട്രീയ നേട്ടവും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളും മാറ്റി വച്ച് ലോകരാജ്യങ്ങള്‍ ഈ വിഷയങ്ങളില്‍ ഇടപെടണമെന്നും, ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ ദിനാഘോഷം വരെ ഒഴിവാക്കിയ ഖത്തറിലാണ് നാം ജീവിക്കുനതെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത്‌ഫോറം ഹിലാല്‍ മേഖല പ്രസിഡണ്ട് മുഹമ്മദ് ഷബീര്‍, സെക്രട്ടറി ഫായിസ് അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഐക്യ ദാര്‍ഢ്യ വാരത്തിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ നടക്കും. ലോക യുദ്ധ അനാഥ ദിനമായ (വേള്‍ഡ് വാര്‍ ഓര്‍ഫന്‍സ് ഡേ) ജനുവരി 6 നു നടക്കുന്ന ഐക്യ ദാര്‍ഢ്യ സദസ്സോടെ പരിപാടികള്‍ സമാപിക്കും.