ശരീഅത്ത് സംരക്ഷണത്തില്‍ ഒത്തുതീര്‍പ്പിനില്ല: സയ്യിദ് റാബിഅ് ഹസനി നദ്‌വി

കൊച്ചി: ശരീഅത്ത് സംരക്ഷണ വിഷയത്തില്‍ ഒരു ഒത്തുതീര്‍പ്പിനും വിട്ടുവീഴ്ചക്കുമില്ലെ ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ സയ്യിദ് റാബിഅ് ഹസനി നദ്‌വി. ശരീഅത്ത് നിയമങ്ങളില്‍ ഒരു ഭേദഗതിയും അനുവദിക്കില്ല. സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കുകയെന്ന ഭരണഘടനാദത്തമായ അവകാശം സംരക്ഷിക്കാന്‍ ഏത് ത്യാഗത്തിനും മുസ്‌ലിം സമൂഹം സന്നദ്ധമാണ്. പറവൂരില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ല സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിക ശരീഅത്തിനെതിരെ രാജ്യത്ത് വലിയ വെല്ലുവിളികള്‍ ഉയരുകയാണ്. ശരീഅത്ത് നിയമങ്ങളെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്. മതനിയമങ്ങളെ വികലമായി ചിത്രീകരിച്ച് ഏക സിവില്‍കോഡിലേക്ക് വഴിതുറക്കുക എന്നതാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യം. ശരീഅത്തിനെതിരായ നീക്കം ഇന്ത്യന്‍ ഭരണഘടനക്കുതന്നെ വിരുദ്ധമാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും വിദേശ അടിമത്തത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പോരാടുകയും ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ ആഗ്രഹിച്ചത് തങ്ങളുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനുള്ള സ്വാതന്ത്ര്യം കൂടിയാണ്. ഭരണഘടനാ ശില്‍പികള്‍ ആ സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്തു. രാജ്യത്തെ ഓരോ പൗരനും തന്റെ വിശ്വാസ പ്രമാണങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് ഭരണഘടനാ ശില്‍പികള്‍ യാഥാര്‍ഥ്യമാക്കിയത്. അതില്‍ കൈകടത്തുന്നത് ഭരണഘടനാ തത്ത്വങ്ങള്‍ക്കുതന്നെ വിരുദ്ധമാണ്. ശരീഅത്ത് സംരക്ഷണത്തിനായി ഓള്‍ ഇന്ത്യ പേഴ്‌സനല്‍ ലോ ബോര്‍ഡ് നടത്തിയ ഒപ്പുശേഖരണത്തില്‍ രാജ്യത്തെ മുഴുവന്‍ മുസ്‌ലിം സംഘടനകളും സഹകരിച്ചു. ഇനിയുള്ള പ്രവര്‍ത്തനങ്ങളിലും ഈ സഹകരണം ആവശ്യമാണ്. ശരീഅത്ത് സംരക്ഷണത്തിന് ഭിന്നതകള്‍ മറന്ന് മുസ്‌ലിം സംഘടനകള്‍ ഐക്യത്തോടെ മുന്നേറണം. ഇതോടൊപ്പം, ശരീഅത്ത് പഠിക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും മുസ്‌ലിം സമൂഹം തയാറാകുകയും വേണം. ഇന്ത്യയെപ്പോലുള്ള മതേതര രാജ്യത്ത് ജീവിക്കുന്ന മുസ്‌ലിംകള്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ബാധ്യതയുണ്ട്. ശരീഅത്തിനെ മതേതര സര്‍ക്കാര്‍ സംരക്ഷിച്ചുകൊള്ളും എന്ന് കരുതുന്നത് മിഥ്യാധാരണയാണ്. സ്വന്തം ജീവിതത്തില്‍ പകര്‍ത്തുക എന്നതാണ് മതനിയമങ്ങള്‍ സംരക്ഷിക്കാനുള്ള എളുപ്പവഴി. ശരീഅത്ത് സംരക്ഷണത്തിനായി വാദിക്കുകയും അത് ജീവിതത്തില്‍ ഇല്ലാതിരിക്കുകയും ചെയ്യുക എന്നത് വൈരുധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശരീഅത്ത് സംരക്ഷണത്തിന് മുസ്‌ലിം പേഴ്‌സണനല്‍ ലോ ബോര്‍ഡ് നടത്തുന്ന ശ്രമങ്ങള്‍ക്ക് കേരളത്തിലെ മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ഥിച്ചു. സമ്മേളനം ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം എസ്. അമീനുല്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.