തെരഞ്ഞെടുപ്പില്‍ മതം, ജാതി; വ്യക്തത വരുത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി

ഡല്‍ഹി: ജാതിയുടെയും മതത്തിന്റെയും പേരില്‍ വോട്ട് നേടുന്നത് വിലക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ മൗലാന സയ്യിദ് ജലാലുദ്ദീന്‍ ഉമരി ആശങ്ക പ്രകടിപ്പിച്ചു. ജമാഅത്തിന്റെ പ്രതിമാസ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ചില പ്രത്യേക സമുദായങ്ങള്‍ തങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഉയര്‍ത്താറുള്ള നിയമാനുസൃതമായ പരാതികളെ തെരഞ്ഞെടുപ്പിന്റെ സമയത്ത് എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്നതിനുള്ള ഉത്തരം കോടതിവിധി നല്‍കുന്നില്ല. ചില പ്രത്യേക ജാതികള്‍ അവര്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തലും, അനീതിയും തെരഞ്ഞെടുപ്പിന്റെ സമയത്ത് എങ്ങനെ പ്രകടിപ്പിക്കുമെന്നതിലും അവ്യക്തതയുണ്ട്. എന്നിരുന്നാലും കോടതി വിധിയുടെ ഉദ്ദേശം നല്ലത് തന്നെയാണ്. സമൂഹത്തില്‍ ധ്രുവീകരണം സൃഷ്ടിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളെ തടയുകയാണ് അതിന്റെ ലക്ഷ്യം. മതത്തിന്റെയും ജാതിയുടെയും പേരിലാണ് എതിരാളികള്‍ വോട്ട് നേടിയതെന്ന് ആരോപിച്ച് ആര്‍ക്കും ഈ കോടതി വിധി ചൂഷണം ചെയ്യാന്‍ സാധിക്കും. ഇപ്പോഴത്തെ കോടതിവിധിയെ ഭരണ പാര്‍ട്ടി ദുരുപയോഗം ചെയ്യുമെന്ന ഭയം നിലനില്‍ക്കുന്നുണ്ട്. കാരണം 'ഹിന്ദുയിസം ഒരു ജീവിത രീതിയാണ്, ഒരു മതമല്ല' എന്നാണ് 1995-ല്‍ സുപ്രീം കോടതി ജഡ്ജി ജെ.എസ് വര്‍മ വിധിച്ചത്. ഹിന്ദുത്വ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍ ഇത് ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്. മതത്തിന്റെ പേരിലല്ല, മറിച്ച് ഹിന്ദുയിസം എന്ന ജീവിത രീതിയുടെ പേരിലാണ് തങ്ങള്‍ വോട്ടുകള്‍ നേടിയതെന്ന് അവര്‍ക്ക് വാദിക്കാന്‍ കഴിയും. അവരുടെ ഈ വാദം കോടതികള്‍ അംഗീകരിക്കുകയാണെങ്കില്‍ അത് നമ്മുടെ ബഹുസ്വര സാമൂഹിക ചട്ടകൂടിനെയാണ് മാരകമായി ബാധിക്കുക. ഈ പ്രശ്‌നപരിസരത്തെ ജുഡീഷ്യറി അഭിസംബോധന ചെയ്യുമെന്ന് തന്നെയാണ് ജമാഅത്ത് പ്രതീക്ഷിക്കുന്നത്.' ജമാഅത്ത് അമീര്‍ കൂട്ടിച്ചേര്‍ത്തു.