ശത്രുസ്വത്ത് ഭേദഗതി ബില്‍ തീരുമാനം ജനാധിപത്യ വിരുദ്ധം -ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: ശത്രുസ്വത്ത് ഭേദഗതി ബില്‍ ഉത്തരവിലൂടെ പാസ്സാക്കാനുള്ള തീരുമാനം ജനാധിപത്യ വിരുദ്ധവും പൗരന്‍മാരുടെ മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍. പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഉത്തരവിലൂടെ നിയമനിര്‍മാണം നടത്താറുള്ളത്. ബില്‍ പാസ്സാക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം അതിന്റെ ഉദ്ദേശ്യത്തെ സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. ഓര്‍ഡിനന്‍സ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അനുമതി തേടിയതില്‍ രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്ന കാര്യവും അദ്ദേഹം വിവരിച്ചു.
രാജ്യസഭയിലെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ തെരെഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റിക്ക് കൈമാറുകയാണ് ചെയ്തത്. നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ് പ്രസ്തുത ബില്‍ എന്ന് പല എംപിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍മാരെയാണ് നിയമം പ്രതികൂലമായി ബാധിക്കുക. ഒരു ശത്രു സര്‍ക്കാറിനെയും അത് ബാധിക്കുകയുമില്ല. എന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിരുദ്ധവും അപലപനീയവുമായ ഒന്നായിട്ടാണ് ജമാഅത്തെ ഇസ്‌ലാമി ബില്ലിനെ കാണുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യക്തിനിയമങ്ങളെയും ഇത് ബാധിക്കുന്നതിനാല്‍ അതിനെ അംഗീകരിക്കാനാവില്ല. ഈ ബില്ല് ഏറ്റവുമധികം പ്രയാസപ്പെടുത്തുക മുസ്‌ലിംകളെയായിരിക്കും. നിയമവിധേയമായി പൈതൃകമായി കിട്ടിയ സ്വത്തിനെ ശത്രുസ്വത്തായി മുദ്ര കുത്തുന്നതിലൂടെ പരോക്ഷമായി മുസ്‌ലിംകള്‍ക്കെതിരെ ശത്രുതയുണ്ടാക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ താല്‍പര്യത്തിന് നിരക്കുന്ന ഒന്നല്ല അത്. ഇത്തരം ഭേദഗതികള്‍ ആരോടും അനീതിയില്ലാത്ത വിധം ജനാധിപത്യ രീതില്‍ പാര്‍ലമെന്റ് സംവിധാനത്തിലൂടെ കൊണ്ടുവരികയാണ് സര്‍ക്കാര്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.