കോട്ടുമല ബാപ്പു മുസ്‌ലിയാർ: ജമാഅത്തെ ഇസ്‌ലാമി അമീര്‍ അനുശോചിച്ചു

കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ കോട്ടുമല ബാപ്പു മുസ്‌ലിയാരുടെ നിര്യാണത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അനുസ്മരിച്ചു. കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിന് വേണ്ടി നിലകൊണ്ട പ്രമുഖനായ പണ്ഡിതനായിരുന്നു ബാപ്പു മുസ്‌ലിയാരെന്ന് അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമെല്ലാം അതീതമായി സംഘടനകളും നേതാക്കളും തമ്മിലുള്ള പരസ്പര ബന്ധം നിലനിര്‍ത്തുന്നതിന് സവിശേഷ ശ്രദ്ധ പതിപ്പിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയിലും മാധ്യമ രംഗത്തും വലിയ സേവനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിട്ടുള്ളത്. കോട്ടുമല മുസ്‌ലിയാര്‍ക്ക് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ എന്നും അദ്ദേഹം പ്രാര്‍ഥിച്ചു.