ഇടുക്കി ജില്ലാ സമ്മേളനം സമാപിച്ചു


അടിമാലി: ജമാഅത്തെ ഇസ്‌ലാമി ഇടുക്കി ജില്ലാ സമ്മേളനം 2017 ജനുവരി 8 അടിമാലി പഞ്ചായത്ത് ഹാള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ചരിത്ര സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാന്യനായ അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ടി ആരിഫലി സാഹിബ് നിര്‍വ്വഹിച്ചു. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന കരിനിയമങ്ങള്‍ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബഹുസ്വരതയില്‍ നിന്ന് ഫാഷിസത്തിലേക്കുള്ള മാറ്റമാണ് രാജ്യത്ത് കാണുന്നത്. സ്വാതന്ത്യത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും ഭീകരമായ നിയമമാണ് യു.എ.പി.എ. അനേകം നിരപരാധികളാണ് ഈ കരിനിയമത്തില്‍പ്പെട്ട് തുറങ്കലിലടക്കപ്പെട്ടത്. പുരോഗമനം പറയുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ഫാഷിസത്തിന് എതിരായ ജനവിധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലേതെന്ന് അവര്‍ തിരിച്ചറിയണം. യു.എ.പി.എ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇരുതല മൂര്‍ച്ചയുള്ള വാക്കാണ്. യു.എ.പി.എ. ചുമത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോഴും തീവ്രവാദ നീക്കമുണ്ടെന്ന് പൊലീസ് പറഞ്ഞാല്‍ അത്തരം കേസുകളില്‍ യു.എ.പി.എ. ചുമത്തുമെന്നാണ് ഇതിനര്‍ത്ഥം. ഭീകരവാദത്തിനെതിരായ ലോക സാഹചര്യം മുതലെടുത്ത് സാമ്രാജ്യത്തിന്റെ പിന്തുണയില്‍ ലോകത്ത് ഇസ്‌ലാലിന്റെ വിവിധ പതിപ്പുകളാണ് ഇറങ്ങുന്നത്. 

    ചിലത് തീവ്ര ആത്മീയതയിലേക്ക് ക്ഷണിക്കുമ്പോള്‍ മറ്റ് ചിലത് ജിഹാദിനെ തെറ്റായി പ്രതിനിധീകരിക്കുന്നു. എല്ലാം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടേത്. സംസ്ഥാനങ്ങളുടെ സ്വയം നിര്‍ണയാവകാശങ്ങള്‍ പോലും ഇല്ലാതാക്കാനാണ് നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീരുമാനിക്കുകയും മന്ത്രാലയത്തിന്റെ പേരില്‍ വിവരങ്ങള്‍ പുറത്തുവിടുകയുമാണ് ചെയ്യുന്നത്. 125 കോടി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ താളംതെറ്റിച്ച നോട്ട് നിരോധനം ഹിമാലയം വങ്കത്തമായി. ആസുര ദേശീയതയുടെ പേരില്‍ ജനങ്ങളെ മയക്കിക്കിടത്തുന്ന ഫാഷിസ്റ്റ് തന്ത്രമാണ് നോട്ട് നിരോധനത്തില്‍ പ്രയോഗിക്കപ്പെട്ടതെന്നും ആരിഫലി സാഹിബ് പറഞ്ഞു.
    മുസ്‌ലിംകള്‍ ഇസ്‌ലാമിനെ ശരിയായി പ്രതിനിധീകരിക്കണമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ് സാഹിബ് പറഞ്ഞു.  ഇസ്‌ലാമിനെ സംബന്ധിച്ച അസന്തുലിത കാഴ്ചപ്പാടാണ് ചിലരെ വഴിതെറ്റിക്കുന്നത്. വര്‍ഗിയതയും പക്ഷപാതിത്വവും ആര്‍ക്കും ഒരു നേട്ടവും ഉണ്ടാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ ധ്രുവീകരണത്തിനുള്ള വഴികള്‍ അടയ്ക്കണം. മനുഷ്യരെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളും അതുകൊണ്ടുതന്നെ സഹോദരന്മാരുമാണെന്നാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഇത് വര്‍ഗീയതയെയും വംശീയതയെയും നിരാകരിക്കുന്നു. മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിനായി നിലകൊള്ളണമെന്നാണ് ഖുര്‍ആനിക താല്‍പര്യം. അതേസമയം, ആദര്‍ശമാറ്റം പാടില്ലെന്ന് നിയമം ഉണ്ടാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ആരോഗ്യകരമായ സംവാദവും സഹവര്‍ത്തിത്വവും നിലനില്‍ക്കേണ്ടതുണ്ട്. ദൈവിക-ധാര്‍മ്മിക മൂല്യങ്ങള്‍ അവഗണിക്കുന്ന സാമൂഹികഭ്രമം ആപത്താണെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജമാ അത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി. അമീര്‍ ടി. ആരിഫലി സമ്മേളനം ഉദ്ഘാടനം ചെയ്തു. അലീഗഢ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുള്‍ അസീസ് മുഖ്യാതിഥിയായിരുന്നു. ജമാ അത്തെ ഇസ്‌ലാമി അസി. അമീര്‍ പി.മുജീബ് റഹ്മാന്‍ ഇസ്‌ലാമിന്റെ സന്തുലിത ജീവിത വീക്ഷണത്തെ അപഗ്രഥിച്ച് മുഖ്യപ്രഭാഷണം നടത്തി. ഇ.വൈ അജ്മല്‍ഷായുടെ ഖിറഅത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജമാ അത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുബൈദ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ടി. ഷാക്കിര്‍ എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷബിര്‍ കൊടുവള്ളി, ജി.ഐ.ഒ. സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന എന്നിവര്‍ സംസാരിച്ചു.  ജമാ അത്തെ ഇസ്‌ലാമി വനിത വിഭാഗം ജില്ലാ പ്രസിഡന്റ് രാസ്ത കരിം ഏക സിവില്‍കോഡ് വിഷയത്തിലും, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സുബൈര്‍ ഹമീദ് മനുഷ്യാവകാശം സംബന്ധിച്ചും, എസ്.ഐ.ഒ.ജില്ലാ പ്രസിഡന്റ് വി.എം. അന്‍വര്‍ നോട്ടുനിരോധനം അടിസ്ഥാനമാക്കിയും, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് മുഫീദ യൂസുഫ്  ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് കെ.എ.യൂസഫ് ഉമരി സമാപനം ജമാഅത്ത് ഇസ്‌ലാമി അടിമാലി നിര്‍വ്വഹിച്ചു, ജില്ലാ സെക്രട്ടറി ഇ.എം. അബ്ദുള്‍ കരിം സ്വാഗതവും ഏരിയാ പ്രസിഡന്റ് പി.എച്ച്. ഉമ്മര്‍ നന്ദിയും പറഞ്ഞു. ബഹുമാന്യനായ അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ടി. ആരിഫലി സാഹിബ് നമസ്‌കാരത്തിന് നേതൃത്വം കൊടുത്തു.