പരപ്പനങ്ങാടി സകരിയ്യുടെ ഉമ്മയെ എസ്.ഐ.ഒ നേതാക്കൾ സന്ദർശിച്ചു.

ബാംഗ്ലൂരില്‍ അന്യായമായി  തടങ്കലില്‍ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ വീട് എസ്.ഐ.ഒ സംസ്ഥാന നേതാക്കള്‍ സന്ദര്‍ശിച്ചു. സന്ദര്‍ശാനാനുഭവത്തെ കുറിച്ച് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ഇപ്രകാരം കുറിക്കുന്നു.'എട്ട് വര്‍ഷമായി മകന്റെ മോചനം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് പരപ്പനങ്ങാടി സകരിയയുടെ ഉമ്മ. ആ മുഖത്ത് ആരോടും പരിഭവങ്ങളില്ല. പക്ഷേ നീതിയെ ചവിട്ടിയരക്കുന്ന വ്യവസ്ഥകളോടേറ്റുമുട്ടുമ്പോള്‍ പ്രതീക്ഷകള്‍ അറ്റ് പോകുന്ന ഒരു സാധാരണക്കാരിയുടെ നിസ്സഹായാവസ്ഥ സംസാരത്തില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ഇടക്ക് സകരിയയുടെ ഫോണ്‍ വന്നു ഇവിടെ സുഖമാണ് മോനേ എന്ന് പറയുമ്പോളും ഉള്ളിലുള്ള തേങ്ങല്‍ അടുത്തിരുന്ന ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു. പാതിയില്‍ ഫോണ്‍ കട്ടായപ്പോ ഇനി വിളിക്കലുണ്ടാവൂല ഇങ്ങനെയാണ് അധികവും ഫോണ്‍ വിളിക്കാനൊക്കെ അവിടെ കാശ് കെട്ടിവെക്കണമെന്ന്. അവിടെ പോയി മോനെ ഒന്ന് കണ്ട് പോരണമെങ്കില്‍ 25000 രൂപയുടെ ചിലവുണ്ടത്ര..പലര്‍ക്കും നോട്ടുകള്‍ മടക്കി പോക്കറ്റിലിട്ടു കൊടുത്താലേ മോനെ കാണാനുള്ള വാതിലുകള്‍ തുറക്കപ്പെടൂ. 
പിന്നെ പ്രതീക്ഷകളെ കുറിച്ച സംസാരങ്ങളായിരുന്നു അത് പണക്കൊഴുപ്പും അധികാരങ്ങളും സ്വാധീനം ചെലുത്തുന്ന ഈ ലോകത്തിന്റെ വിധി തീര്‍പ്പുകളിലല്ല എല്ലാ കോടതിക്കും മുകളിലുള്ള പടച്ചോന്റെ കോടതിയിലുള്ള പ്രതീക്ഷകള്‍ ആ മുഖത്ത് നിറഞ്ഞ് നിന്നു. വിവേചനങ്ങളും അനീതിയും നിറഞ്ഞു നില്‍ക്കുന്നിടത്ത് വിശ്വാസത്തിന് മാത്രം പകര്‍ന്നു നല്‍കാന്‍ കഴിയുന്ന കരുത്തില്‍ അവരുടെ ആത്മവീര്യം ചോര്‍ത്തിക്കളയാന്‍ ഒരു ഭരണകൂട അജണ്ടക്കും കഴിഞ്ഞിരുന്നില്ല. 
നജീബിനെയും നഫീസുമ്മയെയും കുറിച്ച് സംസാരിച്ച് ഭരണകൂട നിസംഗതക്കെതിരെയുള്ള മെമ്മറണ്ടത്തില്‍ പേരെഴുതി ഒപ്പിടുമ്പോള്‍ മകനെ നഷ്ടപ്പെടുന്ന ഒരുമ്മയുടെ വേദനയോടുള്ള ഐക്യപ്പടല്‍ കൂടിയായിരുന്നു അത്. പ്രാര്‍ഥിക്കണം എന്ന് പറഞ്ഞ് സലാം പറഞ്ഞ് പിരിയുമ്പോള്‍ ആലോചിക്കുകയായിരുന്നു സകരിയയുടേയും രോഹിതിന്റെയു0 നജീബിന്റെയും ജിഷ്ണുവിന്റെയുമെല്ലാ0 മാതാക്കളുടെ മനം നിറഞ്ഞ പ്രാര്‍ഥനയുടെ ശക്തിക്ക് മുമ്പില്‍ ഒരു ദിവസം തകര്‍ന്ന് വീഴുന്ന അധികാരകേന്ദ്രങ്ങളെ കുറിച്ച്.