കാസര്‍കോടിന്റെ സമാധാനത്തിന് സൌഹൃദ ചത്വരം ഏപ്രിൽ 5 ന്

കാസര്‍കോട്: കാസര്‍കോടിന്റെ സമാധാനത്തിന് സാംസ്കാരിക കേരളത്തിന്റെ ഐക്യദാര്‍ഡ്യം രേഖപ്പെടുത്തുന്നതിന് ഏപ്രില്‍ 5ന് വൈകീട്ട് 3ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് സൌഹൃദ ചത്വരം തീര്‍ക്കും. സൌഹൃദം കാസര്‍കോടിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. പ്രമുഖ കലാ-സാമുഹ്യ-സാംസ്കാരിക-രാഷ്ടീയ-മത-ആരോഗ്യ-വിദ്യാഭ്യാസ-മാധ്യമ പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കും. സൌഹൃദ ചത്വരത്തില്‍ വര്‍ഗീയ ദ്രൂവീകരണത്തിനെതിരെ സാസ്കാരിക പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി തെരുവ് നാടകം, സൌഹൃദപ്പാട്ടുകള്‍, കുരുന്നുകളുടെ സ്നേഹ കൂട്ടം, ‌അനീതിക്കെതിരെ പ്രതിഷേധ വര്‍ണം, സാസ്കാരിക സദസ്സ് തുടങ്ങിയവ നടത്തും. കലാ സാംസ്കാരിക കൂട്ടായ്മകള്‍ക്കും വിദ്യാര്‍ഥി യൂണിയനുകള്‍ക്കും അവരവരുടെ ബാനറുകളില്‍ തന്നെ സൌഹൃദ ചത്വരത്തിലെത്തി സമാധാന സന്ദേശങ്ങള്‍ കൈമാറാനാവും. എല്ലാവരും കാസര്‍കോടിന്റെ സമാധനത്തിനായി നടത്തുന്ന ഒത്തുകൂടലിന്റെ വിജയത്തിനായി എല്ലാവിഭാഗം ജനങ്ങളും കൂട്ടായ്മകളും സഹകരിക്കണമെന്ന് സൌഹൃദം കാസര്‍കോട് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.  വൈസ് ചെയര്‍മാന്‍മാരായ എം കെ രാധാകൃഷ്ണന്‍, സണ്ണിജോസഫ്, പി ഉഷാനായര്‍, കണ്‍വീനര്‍മാരായ അന്പുഞ്ഞി തലക്ലായി, എം എ നജീബ്, രവീന്ദ്രന്‍ പാടി, ഷറഫുന്നിസ ഷാഫി, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, അഷ്റഫ് അലി ചേരങ്കൈ, ഏക്സിക്കുട്ടീവ് അംഗങ്ങളായ അഷ്റഫ് കൈന്താര്‍, യു എ ഉമ്മര്‍, പി ടി ഉഷ ടീച്ചര്‍, മുഹമ്മദ് റഹീസ്, ആലൂര്‍ അബ്ദുറഹ്മാന്‍, ബി കെ മുഹമ്മദ് കുഞ്ഞി, സി എ മൊയ്തീന്‍ കുഞ്ഞി, പി കെ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഷഫീക്ക് നസറുല്ല സ്വാഗതം പറഞ്ഞു.