സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്: കാമ്പയിൻ ടി.ആരിഫലി ഉദ്ഘാടനം ചെയ്യും

ഇസ്‌ലാമിക ശരീഅത്ത് ലളിതവും പ്രായോഗികവും പ്രകൃതിക്കിണങ്ങുന്നതുമാണ്. മനുഷ്യന്റെ സവിശേഷമായ ഗുണങ്ങളോടൊപ്പം അവന്റെ ബലഹീനതകളും ദൗര്‍ബല്യങ്ങളും ശരീഅത്ത് പരിഗണിക്കുന്നു. സദാചാരവും ധാര്‍മ്മികതയും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും നിലനില്‍ക്കണമെന്ന് അത് അങ്ങേയറ്റം നിഷ്‌കര്‍ഷിക്കുന്നു.
നന്മ നിറഞ്ഞ ജീവിതവും സമാധാനപൂര്‍ണ്ണമായ ജീവിത സാഹചര്യങ്ങളും ലക്ഷ്യമാക്കുന്ന ഇസ്‌ലാമിക ശരീഅത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ശരീഅത്തിന് നേരെയുള്ള കടന്നാക്രമങ്ങള്‍ രാജ്യത്ത് പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ട്. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ആലോചനകള്‍ നടന്നപ്പോഴെല്ലാം ശരീഅത്ത് പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ടു. ബിജെപി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ശരീഅത്ത് വിരുദ്ധ പ്രചാരണങ്ങള്‍ കൂടുതല്‍ സജീവമായി. ഏക സിവില്‍കോഡ് നടപ്പാക്കാതിരിക്കാന്‍ കാരണം തേടി ഇന്ത്യന്‍ ലോ കമ്മീഷന്‍ പ്രസിദ്ധീകരിച്ച ചോദ്യാവലിയില്‍ മുത്ത്വലാഖിന്റെ മറവില്‍ ഉന്നം വെച്ചതും ഇസ്‌ലാമിക ശരീഅത്തിനെയായിരുന്നു. 
ശരീഅത്ത് വിരോധത്തിനു പിന്നിലെ ഇസ്‌ലാം വിരുദ്ധതയും രാഷ്ട്രീയ അജണ്ടകളും തുറന്നെതിര്‍ക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ബാധ്യതയാണ്. ഇസ്‌ലാമിക ശരീഅത്ത് സംരക്ഷിക്കേണ്ട ബാധ്യത രാജ്യത്തെ പൗരസമൂഹം കൂട്ടായി നിര്‍വ്വഹിക്കണം. ശരീഅത്ത് വിരുദ്ധത വളര്‍ത്തി രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. 
വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനപ്പെടുത്തി രൂപംകൊണ്ട ശരീഅത്ത് മാനവികവും വികാസക്ഷമവുമാണ്. പൗരാണിക കാലത്തെ കര്‍മശാസ്ത്ര നിയമങ്ങള്‍ കാല, ദേശ വിത്യാസങ്ങള്‍ പരിഗണിക്കാതെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ശരീഅത്തിന്റെ ചൈതന്യത്തിന് യോജിച്ചതാവുകയില്ല. വിവാഹം, വിവാഹ മോചനം, ബഹുഭാര്യത്വം, അനന്തരാവകാശം തുടങ്ങി പലതിലും മുസ്‌ലിം സമൂഹം ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ചൈതന്യത്തില്‍ നിന്നകന്ന സമീപനമാണ് പുലര്‍ത്തിപോരുന്നത്. ഈ സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തില്‍ ''സംതൃപ്ത കുടുംബത്തിന് ഇസ്‌ലാമിക ശരീഅത്ത്' എന്ന തലക്കെട്ടില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെയാണ് കാമ്പയിന്‍.
കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം 24ന് കോഴിക്കോട് സ്റ്റേഡിയം വ്യൂവില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കും. സമ്മേളനം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ്, മുസ്‌ലിം പെഴ്‌സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുശ്ശുക്കൂര്‍ ഖാസിമി, ഹജ്ജ് കമ്മറ്റി മെമ്പര്‍ ഇ കെ അഹമ്മദ് കുട്ടി, എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍, മാധ്യമം മീഡീയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, എം എസ് എസ് സംസ്ഥാന സെക്രട്ടറി എഞ്ചിനീയര്‍ മമ്മദ് കോയ, എ. റഹ്മത്തുന്നിസ, ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവര്‍ പങ്കെടുക്കും.
ലിംഗനീതിയും കുടുംബ നിയമവും എന്ന വിഷയത്തില്‍ സെമിനാര്‍, വനിതാ സമ്മേളനങ്ങള്‍, നിയമ വിദഗ്ദരുടെ ഒത്തുചേരല്‍, മഹല്ലു സംഗമങ്ങള്‍, കുടുംബ സംഗമങ്ങള്‍, ഫാമിലി കൗണ്‍സിലേഴ്‌സ് ഗെറ്റുഗതര്‍, പൊതുയോഗങ്ങള്‍, പണ്ഡിത സദസ്സുകള്‍, സാഹിത്യ ചര്‍ച്ചകള്‍, ജനകീയ സ്‌കോഡുകള്‍, പ്രാദേശക തര്‍ക്ക പരിഹാര സമിതികള്‍ എന്നിവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. ശരീഅത്തിനെ സംബന്ധിച്ച ഓഡിയോ, വീഡിയോ സീഡികള്‍, പുസ്തകങ്ങള്‍ എന്നിവ പുറത്തിറക്കും. സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ കൗണ്‍സിലിങ് സെന്ററുകള്‍ സ്ഥാപിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍:
1. ശൈഖ്മുഹമ്മദ് കാരകുന്ന് (അസി.അമീര്‍ ജമാഅത്തെ ഇസ്‌ലാമി കേരള)
2. വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ (അസി.അമീര്‍ ജമാഅത്തെ ഇസ്‌ലാമി കേരള)
3. എ. റഹ്മത്തുന്നീസ (ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട്)
4. ഫൈസല്‍ പൈങ്ങോട്ടായി (ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാസെക്രട്ടറി)