മതനിരപേക്ഷതയുടെ ശൈഥില്യമാണ് വിദ്വേഷശക്തികള്‍ മുതലെടുക്കുന്നത്: യൂത്ത്‌ഫോറം സമ്മേളനം

ദോഹ: മത നിരപേക്ഷ ശക്തികള്‍ ശൈഥില്യപ്പെടുന്നിടത്താണ് വിദ്വേഷ  ശക്തികള്‍ നേട്ടം കൊയ്യുന്നതെന്നും സ്‌നേഹത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടിയുള്ള സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ വിഭാഗീയതയും അസഹിഷ്ണുതയും ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയംഗം യൂസുഫ് ഉമരി പറഞ്ഞു. 'സ്‌നേഹത്തിന്, സൗഹാര്‍ദ്ദത്തിന് യുവതയുടെ കര്‍മ്മസാക്ഷ്യം' എന്ന തലക്കെട്ടില്‍ യൂത്ത്‌ഫോറം നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട യുവജന സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന് ആനന്ദവും സമാധാനവും നല്‍കേണ്ട ഏറ്റവും വലിയ സാമൂഹിക സ്ഥാപനമാണ് കുടുബം. ഒരു യുവാവെന്നത് സുഹൃദ് ബന്ധങ്ങളുടെ കൂടി സൃഷ്ടിയാണ്. പരസ്പര ബന്ധങ്ങള്‍ ജൈവികവും ഊഷ്മളവുമായി നില നിര്‍ത്താന്‍ യുവാക്കള്‍ ബദ്ധശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹം, കാരുണ്യം , വിട്ടുവീഴ്ച തുടങ്ങിയ ഉത്തമ മൂല്യങ്ങള്‍ നട്ടുവളര്‍ത്തുന്നതില്‍ കുടുംബജീവിതത്തിന്റെ പങ്ക് വളരെ വലുതാണ്. നല്ല കുടുംബജീവിതം പരസ്പരം സ്‌നേഹിക്കുകയും സഹവര്‍ത്തവത്തോടെ പെരുമാറുകയും ചെയ്യുന്ന സമൂഹത്തെ പുനര്‍നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹത്തില്‍ കാതലായ മാറ്റങ്ങള്‍ സ്രിഷ്ടിക്കാന്‍ യുവാക്കള്‍ക്കേ കഴിയൂ. പ്രവാസം എന്നത് സാധ്യതയുടെ പേരാകണം. പ്രവാസത്തിലെ പരിമിതികളെ സാധ്യതകളാക്കി ഉപയോഗപ്പെടുത്താനാണ് യൂത്ത്‌ഫോറം യുവാക്കളെ ക്ഷണിക്കുന്നത്.  വെറുപ്പിന്റെയും അസഹിഷ്ണുതയുടെയും സംസ്‌കാരത്തെ സ്‌നേഹം കൊണ്ടും സൗഹാര്‍ദം കൊണ്ടും തിരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമന്ന്  മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച യൂത്ത്‌ഫോറം പ്രസിഡണ്ട് എസ്.എ. ഫിറോസ് പറഞ്ഞു.
അല്‍ഖോര്‍, മദീന ഖലീഫ, ഹിലാല്‍ എന്നീ മൂന്നിടങ്ങളിലായാണ് യുവജന സമ്മേളനങ്ങള്‍ നടന്നത്. വിവിധയിടങ്ങളിലായി യൂത്ത്‌ഫോറം വൈസ് പ്രസിഡണ്ടുമാരായ ഷാനവാസ് ഖാലിദ്, സലീല്‍ ഇബ്രാഹീം, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, കാമ്പയിന്‍ കണ്‍ വീനര്‍ നൗഷാദ് വടുതല, മേഖല ഭാരവാഹികളായ മുഹമ്മദ് അലി, സുഹൈല്‍ അബ്ദുല്‍ ജലീല്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം, ഗാനാലാപനം തുടങ്ങിയവയും സമ്മേളനങ്ങളോടനുബന്ധിച്ച് അരങ്ങേറി.