ഇടതുപക്ഷം മാപ്പു പറയണം: എസ്.ഐ.ഒ

മലപ്പുറം: ജില്ലയിലെ ജനങ്ങളെ മുഴുവന്‍ വര്‍ഗീയ ചാപ്പ കുത്തി അധിക്ഷേപിച്ച ഇടതുപക്ഷം മാപ്പു പറയണമെന്ന് എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. സഫീര്‍ എ.കെ. മലപ്പുറം ജില്ലക്കെതിരെ ഇടതുപക്ഷം നടത്തിയ വര്‍ഗ്ഗീയ പ്രചാരണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നയുടനെ ഇടത് സ്ഥാനാര്‍ത്ഥി എം.ബി ഫൈസല്‍ ആണ് വര്‍ഗ്ഗീയമായി വോട്ട് ധ്രുവീകരണം നടന്നതായി ആരോപിച്ചത്. ഇപ്പോള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനടക്കം ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് മലപ്പുറത്തെ ജനങ്ങളെ അവഹേളിക്കലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കൊടിയേരി ബാലകൃഷ്ണന്‍ പാണക്കാട് തങ്ങളെ ആദിത്യനാഥിനോട് ഉപമിച്ചതും ഇതേ ലക്ഷ്യത്തോടെയാണ്. ഇടതുപക്ഷത്തിന് വോട്ടു ചെയ്യാത്തവരെ മുഴുവന്‍ വര്‍ഗീയ വാദികളായി ചിത്രീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും സി.പി.എം നേതാക്കള്‍ സംഘപരിവാര്‍ ഭാഷയില്‍ സംസാരിക്കരുതെന്നും യോഗം കുറ്റപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ച് ഇടതുപക്ഷം മാപ്പു പറയണമെന്നും മന്ത്രി കടകംപള്ളി രാജിവെക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സല്‍മാന്‍ മുണ്ടുമുഴി അദ്ധ്യക്ഷത വഹിച്ചു. ബാസിത്ത്, അമീന്‍, എന്നിവര്‍ സംസാരിച്ചു. ഫഹീം, മുസ്തബ്ഷിര്‍ ശര്‍ഖി, അസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.