ഖുര്‍ആനിക സന്ദേശങ്ങളെ കാലം തേടുന്നു: വനിതാ സെമിനാര്‍

യാമ്പു: വിശ്വമാനവികതയും വിശാല സാഹോദര്യവും സ്ത്രീ വിമോചനവും ഉള്‍ക്കൊള്ളുന്ന ഖുര്‍ആനിക സന്ദേശങ്ങളെ കാലം തേടുകയാണെന്ന് യാമ്പുവില്‍ തനിമ വനിത വിഭാഗം സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. 'ഖുര്‍ആന്‍ വഴി കാണിക്കുന്നു' എന്ന തലക്കെട്ടില്‍ 'തനിമ' സംഘടിപ്പിച്ചു വരുന്ന കാമ്പയിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള പ്രമുഖ വനിതകളെ പങ്കെടുപ്പിച്ച് നടത്തിയ സെമിനാറില്‍  'സ്ത്രീ, വിവാഹം, കുടുംബം ഖുര്‍ആനിക വീക്ഷണത്തില്‍' എന്നതായിരുന്നു വിഷയം. ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കുന്ന മഹിതമായ പവിത്രതയും മൂല്യങ്ങളും സമൂഹം അവ ഗണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇസ്‌ലാമില്‍  സ്ത്രീകള്‍ക്കോ പുരുഷന്‍മാര്‍ ക്കോ അനുചിതമായി, വിവേചനപരമായി യാതൊരു വ്യവസ്ഥയും ഇല്ല. ജാതി മതവര്‍ഗ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ദൈവിക ഗ്രന്ഥം. ഭീകരവാദത്തിനും വിഭാഗീയതക്കും സങ്കുചിതത്വത്തിനുമതിരെ വേര്‍തിരിവുകളില്ലാതെ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി മാനവികതയുടെ പക്ഷത്ത് നിലയുറപ്പിക്കാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യു ന്നത്. ഖുര്‍ആനിനോടും  ഇസ്‌ലാമിനോടുമുള്ള ആളുകളുടെ എതിര്‍പ്പിന്റെയും ശത്രുതയുടെയും കാരണം അതിനെ കുറിച്ച അജ്ഞതയും തെറ്റിധാരണയുമാണെന്നും ഖുര്‍ആനെ മനസ്സിലാക്കിയവര്‍ക്ക് അതിന്റെ ശത്രുക്കളാവാന്‍ സാധിക്കില്ലെന്നും സെമിനാറില്‍ സംസാരിച്ചവര്‍ അഭി പ്രായപ്പെട്ടു.
തനിമ യാമ്പു വനിത വിഭാഗം പ്രസിഡന്റ്  സോഫിയ മുഹമ്മദ് മേഡറേറ്ററായിരുന്നു. റുഖ്‌സാന അസൈനാര്‍ വിഷയം അവതരിപ്പിച്ചു. റസിയ ജലീല്‍, നംഷിദ ഷമീര്‍, റീന ജബ്ബാര്‍, മൈമൂന എന്നിവര്‍ സംസാരിച്ചു. ഷിറിന്‍ ഇര്‍ഫാന്‍ സ്വാഗതവും റസീന നാസര്‍ നന്ദിയും പറഞ്ഞു. ഫാത്തിമ ജില്‍ന ഖിറാഅ ത്ത് നടത്തി. ഫിദ സലിം ഗാനമാലപിച്ചു