ഹാദിയ കേസ്; സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: പോലീസ് അന്വേഷണ റിപ്പോര്‍ട്ടിനു വിരുദ്ധമായി ഹാദിയക്കേസില്‍ കേരള ഹൈക്കോടതിക്കു മുമ്പാകെ സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ച നിലപാട അങ്ങേയറ്റം ദുരൂഹവും പ്രതിഷേധാര്‍ഹവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി പറഞ്ഞു. ഹൈക്കോടതി നിര്‍ദേശ പ്രകാരം അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ സ്വമേധയാലുള്ള മതമാറ്റമെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും നിര്‍ബന്ധ മതംമാറ്റമായിരുന്നു ഹാദിയയുടേതെന്ന അഭിഭാഷകന്റെ നിലപാട് ഇടതുപക്ഷ സര്‍ക്കാറിന്റെ സമീപനത്തിന്റെ ഭാഗമാണോ എന്ന് വ്യക്തമാക്കണം. ഐഎസില്‍ ചേരാനോ സിറിയയിലേക്ക് പോകാനോ തയാറായെന്ന അരോപണം പാസ്‌പോര്‍ട്ടെടുക്കാത്ത ഹാദിയക്ക് മേല്‍ നിലനില്‍ക്കില്ലെന്നാണ് പോലിസ് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്നും ഐഎസ് ബന്ധം ആരോപിക്കാന്‍ അഭിഭാഷകന്‍ കാണിച്ച താല്‍പര്യം സദുദ്ദേശപരമല്ല. ഇത് കേരളത്തില്‍ വളര്‍ന്നു വരുന്ന ഇസ്‌ലാമോഫോബിയയെ സഹായിക്കാനാണ്. അന്വേഷണങ്ങള്‍ക്കു ശേഷം ഹൈക്കോടതി തന്നെ തള്ളിയ ലൗ ജിഹാദ് കേരളത്തില്‍ നിലനില്‍ക്കുന്നുവെന്ന അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും സാമുദായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്നതുമായ നിരീക്ഷണം നടത്താന്‍ കോടതിയെ പ്രേരിപ്പിച്ചത് സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാടാണെന്നും മുഹമ്മദലി ചൂണ്ടിക്കാട്ടി.