പ്രതീക്ഷയും പ്രതിസന്ധിയും പങ്കുവെച്ച് ജമാഅത്തെ ഇസ് ലാമി പ്രവാസി കുടുംബ സംഗമം

പാലക്കാട്: ജമാഅത്തെ ഇസ് ലാമി ജില്ലകമ്മിറ്റി മേപ്പറമ്പ് നൂർ മഹലിൽ സംഘടിപ്പിച്ച പ്രവാസി കുടുംബ സംഗമം പ്രവാസ ലോകത്തെ പ്രതീക്ഷയും പ്രതിസന്ധിയും പങ്കുവെക്കുന്നതായി. മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. സുന്ദരവും സന്തോഷപൂർണവുമായ ജീവിത സംസ്ക്കാരമാണ് ഇസ് ലാം മുന്നോട്ടു വെക്കുന്നത്. വൈവിധ്യം  നിലനിർത്തി ഒന്നാകാനുള്ള സന്ദേശം അതുനൽകുന്നു. അത് നടപ്പിലാകണമെങ്കിൽ കുടുംബ ജീവിതവും പരസ്പര ബന്ധങ്ങളും ഭദ്രതവും ഹൃദ്യവുമാകണം. അതിനുള്ള അവസരമാണ് ഇത്തരം സംഗമങ്ങൾ തുറന്നു തരുന്നതെന്ന് അദ്ദേഹം പറഞ്ഞു.  സുന്ദരവും സന്തോഷപൂർണവുമായ അവസ്ഥ ഇല്ലാതാക്കി ഭീതി സൃഷ്ടിച്ച് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം സാമ്രാജിത്വ ശക്തികളുടെ  നേതൃത്വത്തിൽ ആഗോള അടിസ്ഥാനത്തിൽ നടക്കുന്നു. അതിന്റെ പാരമ്യത്തിലുള്ള  ഉദാഹരണമാണ് ഫാസിസ്റ്റ് ശക്തികളുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യത്ത് കണ്ടുവരുന്നത്. ഈ കൂരുരുട്ടിനെ സ്നേഹ സംവാദങ്ങളിലൂടെ പ്രകാശം പരത്തി മാറ്റിയെടുക്കാൻ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് അബ്ദുൽ ഹകീം നദ് വി അധ്യക്ഷത വഹിച്ചു.
   ''ഇസ് ലാമിക പ്രസ്ഥാനം ഗൾഫ് രാജ്യങ്ങളിൽ " എന്ന വിഷയത്തിൽ നടന്ന സെഷനിൽ യു.എ.ഇ, ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ  എന്നിവിടങ്ങളിലെ പ്രസ്ഥാന ഘടകങ്ങളെ പ്രതിനിധീകരിച്ച് യഥാക്രമം അബ്ദുല്ല ഹസനാർ, അബ്ദുറഹ്മാൻ ഹസനാർ, ടി.മുഹമ്മദ്, അൻവർ സാദത്ത് എഴുവന്തല, നാസർ പേഴുംകര എന്നിവർ സംസാരിച്ചു. ഈ രാജ്യങ്ങളിലെ പ്രസ്ഥാന പ്രവർത്തനങ്ങളെക്കുറിച്ച് ഇവർ വിശദീകരിച്ചു. "പ്രതിസന്ധി നേരിടുന്ന പ്രവാസവും പ്രവാസികളുടെ പുനരധിവാസവും" എന്ന വിഷയത്തിൽ സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ. നിഷാദ് പുതുക്കോടും "സ്വർഗം പൂക്കുന്ന കുടുംബം " എന്ന വിഷയത്തിൽ സുലൈമാൻ അസ്ഹരിയും സംവദിച്ചു. ജമാഅത്തെ ഇസ് ലാമി മുൻ സംസ്ഥാന സെക്രടറി എ.മുഹമ്മദലി, വനിത വിഭാഗം ജില്ല വൈസ് പ്രസിഡൻറ് ഹബീബ മൂസ, സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷാക്കിർ പുലാപ്പറ്റ, എസ്.ഐ.ഒ ജില്ല പ്രസിഡന്റ് ഫാസിൽ ആലത്തൂർ, ജി.ഐ.ഒ ജില്ല പ്രസിഡന്റ് മുഫീദ വല്ലപ്പുഴ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സഫിയ അടിമാലി, ബഷീർ പുതുക്കോട് , സക്കീർ ഹുസൈൻ ആലത്തൂർ, എം.ദിൽഷാദലി , എം.സുലൈമാൻ, മജീദ് തത്തമംഗലം, എ.ഉസ്മാൻ, കെ.എം ഇബ്രാഹീം മാസ്റ്റർ, നൗഷാദ് ആലവി, ഷാക്കിർ മൂസ എന്നിവർ സംബന്ധിച്ചു. എസ്.എസ്.എൽ.സി , പ്ലസ് ടു , മജ് ലിസ് പരീക്ഷകളിൽ ഉന്നത നേട്ടം കൈവരിച്ച പ്രവാസികളായ പ്രസ്ഥാന പ്രവർത്തകരുടെ മക്കളെ അനുമോദിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടന്നു. ജില്ല സെക്രട്ടറി നൗഷാദ് മുഹ് യുദ്ദീൻ സ്വാഗതവും വൈസ് പ്രസിഡൻറ് ബഷീർ ഹസൻ നദ് വി സമാപനവും നിർവഹിച്ചു.