വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ നിരാശരാവേണ്ടതില്ല: പി. മുജീബുറഹ്മാന്‍

മനാമ: വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന അവസ്ഥ നിരാശയുണര്‍ത്തേണ്ടതില്ലെന്നും എല്ലാ കാലഘട്ടത്തിലും വിവിധ പരീക്ഷണങ്ങളിലൂടെയാണ് സമൂഹങ്ങള്‍ കടന്ന് പോയിട്ടുള്ളതെന്നും മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ പി. മുജീബുറഹ്മാന് പറഞ്ഞു. ഹ്രസ്വസന്ദര്‍ശനത്തിനായി ബഹ്‌റൈനിലെത്തിയ അദ്ദേഹത്തിന് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും ഇന്ത്യക്ക് കൈയൊഴിക്കാന്‍ സാധ്യമല്ലെന്നും നിലവിലുള്ള കാര്‍മേഘങ്ങള്‍ നീങ്ങി മതേതരത്വവും സഹവര്‍ത്തിത്വവും കളിയാടുന്ന ഭാവി നമുക്കുണ്ടാകുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേവല സാമുദായികത ഒരു സമൂഹത്തിനും ഗുണമുണ്ടാക്കുകയില്ലെന്നും അന്ധമായ സാമുദായിക പക്ഷപാതിത്വം തീവ്രവാദത്തിലേക്ക് നയിക്കുമെന്നുമുള്ളത് ചരിത്രമാണ്. ലോകത്തുള്ള ഒരു ഇസ്‌ലാമിക സമൂഹവും പ്രസ്ഥാനങ്ങളും സാമുദായികതക്ക് വളം വെച്ചിട്ടില്ല. കേവല സാമുദായികതക്ക് പകരം വിശ്വമാനവികതയും സഹവര്‍ത്തിത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കാനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയിലുണ്ടായിക്കൊണ്ടിരിക്കുന്ന സകമാലിക സംഭവ വികാസങ്ങള്‍ സൗഹാര്‍ദത്തില്‍ കഴിഞ്ഞു കൊണ്ടിരിക്കുന്ന സമുദായങ്ങളെ പരസ്പരം ശത്രുക്കളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. ഇതിനെതിരെ മതേതരമാനവിക ഐക്യനിര കെട്ടിപ്പടുക്കാന്‍ രാജ്യത്തിന്റെ ഭാവിയില്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിഞ്ചിലെ ഫ്രന്റ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ജമാല്‍ നദ്‌വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എം സുബൈര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഇ.കെ സലീം സമാപനവും നിര്‍വഹിച്ചു.