സാഹോദര്യത്തിന്റെ സംസ്കാരം  ഉയർത്തിപ്പിടിക്കുക: അബ്ദുൽ ഹകീം നദ് വി

പാലക്കാട്: വെറുപ്പിന്റെയും  വിദ്വേഷത്തിന്റെയും  രാഷ്ട്രീയത്തെ സാഹോദര്യത്തിന്റെ  സംസ്കാരം കൊണ്ട് മറികടക്കാൻ കഴിയണമെന്ന് ജമാഅത്തെ ഇസ് ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം അബ്ദുൽ ഹകീം നദ് വി."സംഘ്പരിവാർ ഫാസിസം, ഇസ്രായേൽ ഭീകരത: സമകാലിക സാഹചര്യവും മുസ് ലിംകളും" എന്ന വിഷയത്തിൽ ജമാ അത്തെ ഇസ് ലാമി ജില്ല കമ്മിറ്റി മേപ്പറമ്പിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ് വി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല സമിതിയംഗം സലീം മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ഇസ്രായേലും സംഘ്പരിവാറും ഒരേ തൂവൽപക്ഷികളാണെന്നും രണ്ടിന്റെയും ആശയസംഹിതകൾ മനുഷ്യത്വ വിരുദ്ധമാണെന്നും  അദ്ദേഹം പറഞ്ഞു. സംഘ്പരിവാരം ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ ഇസ്രായേൽ അവരുടെ പരിധിയിൽ അക്രമം അഴിച്ചുവിടുന്നു. രണ്ടും സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെയാണ് പ്രവർത്തിക്കുന്നത്. ഈ ദുർശക്തികളുടെ പ്രവർത്തനങ്ങളെ നിലക്കുനിർത്താൻ വൈജാത്യങ്ങൾ നിലനിൽക്കേ തന്നെ ഒറ്റക്കെട്ടായ മുന്നേറ്റം വേണം. മസ് ജിദുൽ അഖ്സക്കെതിരായ ഇസ്രായേലിന്റെ  നീക്കത്തെ ചെറുത്തുതോൽപ്പിച്ച ഫലസ്തീൻ ജനതയുടെ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെന്നും  അദ്ദേഹം കൂട്ടി ചേർത്തു.  ജില്ല സമിതിയംഗം മജീദ് തത്തമങ്കലം, അലവി ഹാജി, വി.പി. മുഹമ്മദലി, നൗഷാദ് ആലവി എന്നിവർ സംബന്ധിച്ചു. നസീഫ് ഖുർആനിൽ നിന്ന് അതിരപ്പിച്ചു. പാലക്കാട് ഏരിയ പ്രസിഡന്റ് അബ്ദുൽ ശുക്കൂർ മൗലവി സ്വാഗതവും സൈഫുദ്ദീൻ നന്ദിയും പറഞ്ഞു.