സെന്‍കുമാറിന്റെ നിയമനം: സോളിഡാരിറ്റി രാഷ്ട്രപതിക്ക് ഭീമഹരജി അയച്ചു

കോഴിക്കോട്: മുസ്‌ലിംകള്‍ക്കെതിരെ സംഘ്പരിവാറും ആര്‍.എസ്.എസും നടത്തിക്കൊണ്ടിരിക്കുന്ന കള്ളങ്ങള്‍ ഏറ്റുപറഞ്ഞ് ഇസ്‌ലാമോഫോബിയാ പ്രചാരണങ്ങള്‍ നടത്തിയ മുന്‍ പോലീസ് മേധാവി സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മെമ്പറാക്കരുത് എന്നാവശ്യപ്പെട്ട് സോളിഡാരിറ്റി രാഷ്ട്രപതിക്ക് ഭീമഹരജി അയച്ചു. കേരളത്തിന്റെ വിവിധ മേഖലകളില്‍ ആയിരത്തിലധികം കേന്ദ്രങ്ങളില്‍ നടന്ന ഒപ്പുശേഖരണങ്ങളിലൂടെയാണ് ഭീമഹരജി തയ്യാറാക്കിയത്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരെ പോലീസിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും നിലനില്‍ക്കുന്ന മുന്‍വിധികളും മാനസികാവസ്ഥകളുമാണ് സെന്‍കുമാറിന്റെ പ്രതികരണങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. ഔദ്യോഗിക സ്ഥാപനങ്ങളുടെ സംഘ്‌വല്‍കരണം സര്‍ക്കാറും ഭരണകൂടങ്ങളും ജാഗ്രത പുലര്‍ത്തണം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയും സര്‍ക്കാറിന്റെ വിശ്വാസ്യതയും ഉറപ്പാക്കാന്‍ ഇത് അനിവാര്യമാണെന്നും സോളിഡാരിറ്റി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.