ഇസ്‌ലാമിക പ്രസ്ഥാനത്തെ പഠിക്കാതെയുള്ള നിഴല്‍യുദ്ധം ഇടതുപക്ഷത്തിന് തിരിച്ചടിയാകും-പി മുജീബ് റഹ്മാന്‍

കോഴിക്കോട്: സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും ശക്തമായി എതിര്‍ക്കേണ്ട സാഹചര്യത്തില്‍ ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയും പഠിക്കാതെ അവക്കെതിരെ നിഴല്‍യുദ്ധം നടത്തുന്നത് ഇടതുപക്ഷത്തിന് തിരിച്ചടിയാകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്‍. ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ കമ്മറ്റി  മുതലക്കുളത്ത് സംഘടിപ്പിച്ച 'ഇസ്ലാമിക വിമോചനവും ഇടതുപക്ഷ ഭീതികളും' എന്ന തലക്കെട്ടിലുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രക്ഷോഭങ്ങള്‍ അമര്‍ച്ച ചെയ്യുന്ന സയണിസ്റ്റ്, സാമ്രാജ്യത്വ, ഫാഷിസ്റ്റ് ഭാഷയില്‍ തന്നെ ഇടതുപക്ഷവും സംസാരിക്കുന്നത് അപകടകരമാണ്. ജനാധിപത്യ പോരാട്ടങ്ങള്‍ അടിച്ചമര്‍ത്തുന്നവരാവരുത് ഇടതുപക്ഷം. തോമസ് ചാണ്ടിയോട് കാണിച്ച ഔദാര്യത്തിന്റെ പത്തിലൊരംശം കൊടുത്തിരുന്നുവെങ്കില്‍  ഗെയില്‍ പദ്ധതിമൂലം ആശങ്കയിലായിരുന്നവര്‍ പീഢിപ്പിക്കപ്പെടുമായിരുന്നില്ല. അദ്ദേഹം പറഞ്ഞു.  ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ അതു നേരിട്ട് ബാധിക്കുന്നവര്‍ക്ക് പറയാനുള്ളത് ജനാധിപത്യ മര്യാദയോടെ കേള്‍ക്കണമെന്നേ ജമാഅത്തെ ഇസ്ലാമി പറഞ്ഞിട്ടുള്ളൂ. മതമാണ് അടിത്തറയെങ്കില്‍ ഒന്നിലും ഇടപെടരുതെന്ന് പറയുന്നവര്‍ ലോകവിമോചന പോരാട്ടങ്ങളുടെ ചരിത്രം പഠിക്കണം. കേരളത്തില്‍ ഈയിടെയുണ്ടായ റിയാസ് മൗലവി വധം, ഫൈസല്‍ വധം, ഹാദിയ പ്രശ്‌നം, തൃപ്പൂണിത്തറ ഘര്‍വാപ്പസി കേന്ദ്രം തുടങ്ങിയ സംഭവങ്ങളിലെല്ലാം  ഇടതു സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത നടപടികളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ധാര്‍ഷ്ട്യത്തിന്റേയും കയ്യൂക്കിന്റേയും കണ്ണുരുട്ടലിന്റേയും കാലം കഴിഞ്ഞെന്ന് മനസ്സിലാക്കി ആരോഗ്യപരമായ സംവാദത്തിന്റെ ഭൂമിക തീര്‍ക്കാന്‍ തയ്യാറാവണമെന്നും പി.മുജീബ് റഹ് മാന്‍ ഓര്‍മപ്പെടുത്തി.

ഇസ്ലാമിക പ്രസ്ഥാനത്തെ പഠിക്കാതെയുള്ള കടുത്ത മുന്‍വിധിയാണ് ഇടതുപക്ഷത്തിന്റെ ശത്രുവെന്ന് തുടര്‍ന്ന് സംസാരിച്ച 'മാധ്യമം - മീഡിയവണ്‍' ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ പറഞ്ഞു. ഗെയില്‍ സമരം കണ്ട് വിരണ്ടുപോകുന്ന അവസ്ഥയില്‍ നിന്ന് മാറി സ്വരക്ഷക്ക് വേണ്ടിയെങ്കിലും മുന്‍ധാരണകള്‍ തിരുത്താന്‍ ഇടതുപക്ഷം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സമാപന പ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് വി.പി. ബഷീര്‍ അധ്യക്ഷത വഹിച്ചു. ടി.എം.ശരീഫ് മൗലവി ഖിറാഅത്ത് നടത്തി. ജില്ലാ സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി സ്വാഗതവും സിറ്റി ഏരിയാ പ്രസിഡണ്ട് റസാഖ് മാത്തോട്ടം നന്ദിയും പറഞ്ഞു.