സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ ജനമുന്നേറ്റമുണ്ടാകണം -എം.ഐ അബ്ദുല്‍ അസീസ്‌

കോഴിക്കോട്: സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ വിവിധ ജനവിഭാഗങ്ങളുടെ കൂട്ടായ മുന്നേറ്റം അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. സോളിഡാരിറ്റി സംഘടിപ്പിച്ച 'മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക' എന്ന തലകെട്ടിലുള്ള കാമ്പയിനിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഭരണഘടനയെയും കോടതികളടക്കമുള്ള ജനാധിപത്യ സ്ഥാപനങ്ങളെയും അപ്രസക്തമാക്കുന്ന നിലപാടുകളാണ് സംഘ്പരിവാര്‍ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ വിവിധ ശബ്ദങ്ങള്‍ ഉയരുന്നത് വലിയ പ്രതീക്ഷയാണ്.  രാജ്യത്തെ പരമോന്നത കോടതിയിലെ തലമുതിര്‍ന്ന ജഡ്ജിമാര്‍ തന്നെ രംഗത്തുവരികയുണ്ടായി. രാജ്യത്തോടും ജനതയോടുമുള്ള കടമ അരുതായ്മകളെ മറച്ചുവെക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അവര്‍ വിളിച്ച് പറഞ്ഞത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളള ജനവിഭാഗങ്ങളുടെ ഒന്നിച്ചുള്ള മുന്നേറ്റത്തിലേക്കുള്ള തുടക്കമാകട്ടെ ഈ സമ്മേളനമെന്നും അദ്ദേഹം പറഞ്ഞു.